photo

മുനിസിപ്പൽ പാർക്കിൽ കളിക്കോപ്പുകൾ സ്ഥാപിച്ചു തുടങ്ങി

കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടികളുടെ കളിചിരികൾക്ക് കാതോർക്കാൻ നഗരസഭാ മുനിസിപ്പൽ പാർക്ക് ഒരുങ്ങുന്നു. നിർമ്മാണപ്രവർത്തനങ്ങൾ നവംബറിൽ പൂർത്തിയാക്കി പുതുവത്സരത്തിന് പാർക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. നടപ്പാതയും പെയിന്റിംഗ് ജോലികളും പൂർത്തിയായി. പ്രധാന കവാടവും നിർമ്മിച്ചു. കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. ആധുനികരീതിയിലുള്ള സ്‌ളൈഡുകൾ, അപകടരഹിതമായ ക്‌ളൈബറുകൾ, ഏണിപ്പടികൾ, ഊഞ്ഞാലുകൾ തുടങ്ങി 27 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ പ്രമുഖ പാർക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന മോഡൽ കളിക്കോപ്പുകൾ എറണാകുളത്തെ കമ്പനിയിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. പാർക്കിനുള്ളിലെ നടപ്പാതയുടെ വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മൺകൂനകളിൽ പുല്ലുവച്ചു പിടിപ്പിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. നാലുവർഷം മുമ്പാണ് നവീകരണത്തിനായി പാർക്ക് അടച്ചത്. നഗരസഭ കൗൺസിലിൽ ഉൾപ്പടെ പ്രതിഷേധം ശക്തമായതോടെയാണ് മുന്ന് മാസം മുമ്പ് കാട് തെളിച്ച് നവീകരണം പുന:രാരംഭിച്ചത്.

ആധുനിക പാർക്ക്

ഓപ്പൺ എയർ തിയേറ്റർ

മ്യൂസിക്കൽ ഫൗണ്ടൻ

ചെറിയ കുളങ്ങൾ

ചെറിയ വള്ളിക്കുടിലുകൾ

60 ഇരിപ്പിടങ്ങൾ