pampady-exise

പാമ്പാടി : ചോർന്നൊലിക്കുന്ന മേൽക്കൂര, വിണ്ടുകീറിയ ഭിത്തി, പരിസരമാകെ കാട് പിടിച്ചു കിടക്കുന്നു...സ്വന്തമായുള്ള കെട്ടിടവും സ്ഥലവും സ്റ്റാൻഡിനായി ദാനം നൽകിയ പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിന്റെ അവസ്ഥ ഇതാണ്. വാടക നൽകാത്തതിനാൽ കുടിയൊഴിക്കൽ ഭീഷണിയും കൺമുന്നിലുണ്ട്. 45 വർഷം പഴക്കമുള്ള കെട്ടിടത്തിൽ 4 വനിതാ ജീവനക്കാർ ഉൾപ്പടെ 23 പേരുണ്ട്. ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഇവിടെയില്ല. കേസുകളിൽ പിടിച്ചെടുക്കുന്ന തൊണ്ടി സാധനങ്ങൾ, വാഹനങ്ങൾ എന്നിവ സൂക്ഷിക്കാനും ഇടമില്ല. മഴ പെയ്താൽ കുടപിടിച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാർ. കെട്ടിടം ജീർണാവസ്ഥയിലാണെന്നും അപകടസാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നേരത്തെ പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗം അസി.എൻജിനിയർ നൽകിയ റിപ്പോർട്ടും പരണത്താണ്.

മരപ്പട്ടികളുടെ താവളം

സീലിംഗ് ഇളകി കിടക്കുന്നതിനാൽ കെട്ടിടത്തിന് മുകളിൽ മരപ്പട്ടികളുടെ താവളമാണ്. രാത്രികാലങ്ങളിൽ ഇവ ഓഫീസിനുള്ളിൽ കയറി ഫയലുകൾ നശിപ്പിക്കുന്നുമെന്ന് ജീവനക്കാർ പറഞ്ഞു.

ദാനം നൽകിയതിന് ശിക്ഷയിതോ

എക്‌സൈസിന്റെ കൈവശം ഉണ്ടായിരുന്ന പാമ്പാടി വില്ലേജിലെ സ്ഥലം ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി കൈമാറിയപ്പോൾ ഒരു വർഷത്തിനകം പുതിയ സ്ഥലം പഞ്ചായത്തിൽ കണ്ടെത്തി കെട്ടിടം നിർമ്മിച്ചു നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. 2013ൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പാമ്പാടി ഫയർ സ്റ്റേഷൻ ഓഫീസിനു പുറകിലായി സ്ഥലം അനുവദിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഓഫീസ് പ്രവർത്തനം അടിയന്തിരമായി ഇവിടെ നിന്നു മാറ്റണമെന്നും പഞ്ചായത്ത് പുതിയ കെട്ടിടം നിർമ്മിച്ച് നൽകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

''എക്‌സൈസ് ഓഫീസിന്റെ പ്രവർത്തനത്തിനായി പുതിയ വാടക കെട്ടിടം അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഫീസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളുള്ള കെട്ടിടം കണ്ടെത്തിയാൽ വാടക നൽകുന്നതിന് പഞ്ചായത്ത് തയ്യാറാണ് ''

മാത്തച്ചൻ പാമ്പാടി , പഞ്ചായത്ത് പ്രസിഡന്റ്