വെള്ളൂർ: ഇനി തകരാൻ ബാക്കിയൊന്നുമില്ല, എന്തൊരു ദുരിതം! ദയനീയ ഭാവത്തിൽ എച്ച്.എൻ.എൽ റോഡിലേക്ക് നോക്കി യാത്രക്കാർ പറയും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ദുരിതമല്ല. നൂറുകണക്കിന് യാത്രക്കാരേയാണ് റോഡ് വലയ്ക്കുന്നത്. വെള്ളൂർ എച്ച്.എൻ.എല്ലിന്റെ അധീനതയിലാണ് റോഡ്. വൈക്കം - കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എച്ച്.എൻ.എൽ കേന്ദ്രീയവിദ്യാലയം, പിറവം റോഡ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് യാത്രക്കാരും റോഡ് തകർന്നതോടെ വലയുകയാണ്. കാൽനടയാത്ര തന്നെ അസാധ്യം, അപ്പോൾ വാഹനയാത്രക്കാരുടെ ദുരിതം പറയുകയും വേണ്ട. എച്ച്.എൻ.എൽ സ്ഥാപിച്ചശേഷം ഫാക്ടറി ആവശ്യങ്ങൾക്കായാണ് റോഡ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. റോഡ് കമ്പനി പണം മുടക്കി പുനർനിർമ്മിക്കുകയും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കമ്പനി നഷ്ടത്തിലേക്ക് നീങ്ങിയതോടെ എല്ലാം താറുമാറായി. ഇപ്പോൾ അറ്റകുറ്റപണി പോലും മുടങ്ങിയ അവസ്ഥയിലാണ്.
ദുരിതം,ആറ് കിലോമീറ്ററിൽ
മുളക്കുളം, വെള്ളൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ആറ് കിലോമീറ്ററോളം വരുന്ന റോഡും ചെക്ക്പോസ്റ്റ് മുതൽ വെള്ളൂർ ജംഗ്ഷൻ വരെയുള്ള ഒന്നരകിലോമീറ്ററോളം വരുന്ന റെയിൽവേ സ്റ്റേഷൻ റോഡുമാണ് തകർന്നിരിക്കുന്നത്. അതേസമയം റോഡ് നവീകരണത്തിന് എം.പി, എം.എൽ.എ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.