കോട്ടയം: തെങ്ങ് കൃഷി വ്യാപനത്തിനും പുനരുദ്ധാരണത്തിനുമായി സർക്കാർ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി, വൈക്കം ബ്ലോക്കുകളിലെ നാല് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി 50.17 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരകൃഷിക്കായി 250 ഹെക്ടർ വീതം വിസ്തൃതിയുള്ള ഗ്രാമങ്ങളെയാണ് തിരഞ്ഞെടുക്കുക. പദ്ധതിയുടെ ഭാഗമാകാൻ താത്‌പര്യം അറിയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൂട്ടിക്കൽ, പാറത്തോട്, മുണ്ടക്കയം, പഞ്ചായത്തുകളിൽ 40000 തെങ്ങുകളുടെ ശാസ്‌ത്രീയ പരിചരണമാണ് ലക്ഷ്യമിടുന്നത്. വൈക്കം ബ്ലോക്കിൽ തലയാഴം പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിന് തടം, പുതയിടൽ, രോഗം വന്നതും പ്രായാധിക്യം ബാധിച്ചതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പകരം പുതിയ തെങ്ങുകൾവയ്ക്കുക, തെങ്ങുകയറ്റ യന്ത്ര വിതരണം, ഇടവിളക്കൃഷി, കീടനിയന്ത്രണം, ജൈവവള നിർമ്മാണയൂണിറ്റ്, ജലസേചന സൗകര്യങ്ങൾക്കായി പമ്പ് സെറ്റ് , കമ്പോസ്റ്റ് യൂണിറ്റുകൾ തുടങ്ങിയവയാണ് കേരഗ്രാമത്തിലൂടെ നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്‌പ്രസിഡന്റ്, കൃഷി ഓഫീസർ, നാളികേര കർഷകർ തുടങ്ങിയവർ ഉൾപ്പെടുന്ന കേരസമിതിക്കാണ് നടത്തിപ്പ് ചുമതല. കേരസമിതിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കുമരകം, അയ്‌മനം, തിരുവാർപ്പ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.
'' കേരഗ്രാമം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആലോചന യോഗം ചേർന്നു. സർവേ നടത്തി സ്ഥിതി വിവര കണക്കുകൾ ശേഖരിച്ചാണ് തുടർനടപടികൾ സ്വീകരിക്കുക. കർഷകരുടെ വരുമാനം വർദ്ധിക്കാൻ നാളികേരകൃഷിയുടെ ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി കാരണമാകും ''
കവിത ( കൃഷിവകുപ്പ് ഉദ്യോഗസ്ഥ )