കോട്ടയം: ശബരിമല പ്രക്ഷോഭം ശക്തമാക്കാൻ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇവിടെ ചേർന്ന ഹൈന്ദവ സംഘടനകളുടെ യോഗം തീരുമാനിച്ചു. യുവതികളെ പ്രവേശിപ്പിക്കുന്ന ആചാര ലംഘനം അനുവദിക്കരുതെന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. ഇതിനായി മുന്നിട്ടിറങ്ങുമെന്ന് സമുദായ സംഘടനാ പ്രതിനിധികൾ അറിയിച്ചു.കേസിൽ കുടുങ്ങിയ എല്ലാവർക്കും സൗജന്യ നിയമസഹായം നൽകും.
ഹിന്ദു ആചാരങ്ങൾ വളച്ചൊടിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി പറഞ്ഞു. നാലാം തീയതി എല്ലാ ഗ്രാമങ്ങളിലും ശരണഘോഷയാത്ര സംഘടിപ്പിക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വീടുകൾ കയറി ശരണഘോഷം നടത്തും. അഞ്ചിന് വൈകിട്ട് മൂന്ന് മുതൽ ആറിന് ശബരിമല നട അടയ്‌ക്കും വരെ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ശരണമന്ത്ര ജപയജ്ഞം, ഏഴ് മുതൽ പത്ത് വരെ ഗൃഹസമ്പർക്കം, ഒപ്പുശേഖരണം,10 മുതൽ 12 വരെ എല്ലാ ജില്ലകളിലും വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ എന്നിവ നടത്തും.
126 ഹൈന്ദവ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല, ശബരിമല കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ കുമാർ, അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് എന്നിവർ അറിയിച്ചു.