കോട്ടയം: ഡോക്‌ടർ റിതേഷ് എന്ന പേരിൽ ഉന്നത ബന്ധങ്ങൾ സ്ഥാപിച്ച തട്ടിപ്പുകാരൻ രതീഷിന്റെ വലയിൽ കുടുങ്ങിയത് പൊലീസുകാരനും. തൊടുപുഴ സ്റ്റേഷനിലെ ഹോംഗാ‌ർഡിൽ നിന്ന് മൂന്നു ലക്ഷം രൂപയും പൊലീസുകാരനിൽ നിന്ന് അൻപതിനായിരം രൂപയും റിതേഷ് തട്ടിയെടുത്തതായാണ് പുതിയ പരാതി. വിവിധ തട്ടിപ്പ് കേസുകളിലായി കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌ത രതീഷിനെ കോടതി റിമാൻഡ് ചെയ്‌തു.

പഞ്ചായത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സഹപാഠിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കിടങ്ങൂർ മംഗലത്ത് കുഴിയിൽ വീട്ടിൽ എം.എ രതീഷ് അറസ്റ്റിലായതറിഞ്ഞ് വിവിധസ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് കോട്ടയം ഡിവൈ.എസ്.പി ഓഫീസുമായി ബന്ധപ്പെട്ടത്.

ഹോംഗാർഡിന്റെ ബന്ധുവിന് ജോലി വാഗ്‌ദാനം ചെയ്‌ത് രതീഷ് മൂന്നു ലക്ഷം രൂപ വാങ്ങിയതായാണ് പരാതി. ഭരണകക്ഷിയിലെ ഒരു എം.എൽ.എയ്ക്കു നൽകാനെന്നാണ് ഹോംഗാർഡിനെ ധരിപ്പിച്ചത്.

ഹെൽത്ത് ഇൻഷ്വറൻസ് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഇതേ സ്റ്റേഷനിലെ പൊലീസുകാരനിൽ നിന്ന് അരലക്ഷം രൂപയും വാങ്ങിയെടുത്തു. ഇതേക്കുറിച്ച് പൊലീസുകാരൻ നേരത്തെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ കോട്ടയത്തെത്തി ഇയാൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്‌ടറാണെന്ന അവകാശവാദം വിശ്വസിച്ച് അടുപ്പക്കാരായ ചില ജനപ്രതിനിധികൾ മറ്റുചിലർക്ക് ചികിത്സയ്ക്കായും രതീഷിനെ വിളിച്ചിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് ശേഖരിച്ചു. രോഗികളെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.