കോട്ടയം: കളക്ടറ്റേറ്റിന്റെ തിരുമുറ്റത്ത് ധീരയോദ്ധാക്കൾക്കായി സ്ഥാപിച്ച യുദ്ധസ്മാരകം പുല്ലും കളയും നിറഞ്ഞ് നശിക്കുന്നു. കളക്ടറേറ്റിലെ മറ്റ് പരിസരങ്ങൾ കൃത്യമായി വൃത്തിയാക്കുമെങ്കിലും യുദ്ധസ്മാരകത്തിന് വേണ്ട പരിഗണന കൊടുക്കാറില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം കുടുംബശ്രീ പ്രവർത്തകർ സ്മാരകത്തിന് ചുറ്റും വൃത്തിയാക്കി ഇവിടെ ബന്തി കൃഷി തുടങ്ങിയെങ്കിലും പുതിയ കളക്ടർ ചുമതലയേറ്റതോടെ അത് നിറുത്തലാക്കി. തട്ടുകളായി മണ്ണൊരുക്കി പല നിറങ്ങളിലുള്ള ബന്തിച്ചെടികൾ നട്ട് വളർത്തി സ്‌മാരകത്തിന് ചുറ്രും മനോഹരമാക്കിയിരുന്നു. സ്മൃതി കുടീരത്തിന്റെ പ്രധാന കവാടവും നാടപ്പാതയും പുല്ല് കയറി മൂടിയിരിക്കുകയാണ്. സി.എ.ചാണ്ടി, വി.ടി.ജെയിംസ്, വർഗീസ് മാത്യു തുടങ്ങി പതിനെട്ടോളം പേരുടെ പാവനസ്മരണയ്ക്ക് നിർമ്മിച്ചതാണ് സ്മാരകം.