ചിങ്ങവനം: നഗരസഭ 37-ാം വാർഡിലെ പോളച്ചിറ കുടിവെള്ള പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർപേഴ്‌സൺ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.പ്രസാദ്, ജോസ് പള്ളിക്കുന്നേൽ, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ടിനോ കെ തോമസ്, ലീലാമ്മ മാത്യു, ടിന്റു ജിൻസ്, നാട്ടകം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.രാജൻ, അഖിലേഷ് കെ.കെ, രാജമ്മ വിജയൻ, കെ.കെ.ഫിലിപ്പ്, ജോൺസി ജേക്കബ്, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു. പദ്ധതി യാഥാർത്ഥ്യമായതോടെ പോളച്ചിറ, റെയിൽവേ, മിഷൻ പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ആദ്യ ഘട്ടത്തിൽ 120 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കും. രണ്ടാംഘട്ടമായി 36-ാം വാർഡിൽ നിലവിലുള്ള കിണറ്റിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം നൽകുമെന്ന് കൗൺസിലർ കെ.കെ.പ്രസാദ് അറിയിച്ചു.