panthal

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ താത്ക്കാലികമായി നിർമ്മിക്കുന്ന അഷ്ടമി പന്തലിന്റെ പണികൾ പുരോഗമിക്കവേ ഒരു ഭാഗം തഴേക്ക് വീണു.
ക്ഷേത്ര ഊട്ടുപുരയോട് ചേർന്ന് നാലമ്പലത്തിന്റെ വടക്കു ഭാഗത്ത് കിഴക്ക് പടിഞ്ഞാറായി നിർമ്മിക്കുന്ന പന്തലിന്റ പടിഞ്ഞാറ് ഭാഗമാണ് നിലംപതിച്ചത്. പന്തലിന്റെ മുകളിൽ രണ്ട് തൊഴിലാളികളുണ്ടായിരുന്നു. ആർക്കും പരിക്കില്ല. 1600 ചതുരശ്ര മീറ്ററിൽ 22 അടി ഉയരത്തിലാണ് പന്തൽ നിർമ്മിക്കുന്നത്. ഇരുമ്പ് തൂണുകളിൽ മേൽക്കൂര തീർക്കുകയാണ്. അഷ്ടമിക്കാലത്ത് ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും പ്രാതലിന് ആളുകൾ വരിനിൽക്കുന്നതിനും പന്തലിനെയാണ് ഏറെ ആശ്രയിക്കുക. എകദേശം 6 ലക്ഷം രൂപ ചിലവിൽ പന്തൽ ക്ഷേത്ര ഉപദേശക അഡ്‌ഹോക്ക് സമിതിയുടെ നേതൃത്വത്തിലാണ് പന്തൽ നിർമ്മാണം. നിർമ്മാണത്തിലെ അപാകതയും പഴക്കം ചെന്ന സാമഗ്രികൾ ഉപയോഗിച്ചതുമാണ് തകർന്നു വീഴാൻ കാരണമെന്നാണ് ആക്ഷേപം. സ്ഥിരമായി പന്തൽ നിർമ്മിക്കുന്നതിന് ദേവസ്വം ബോർഡ് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.