img_4183

വൈക്കം: ഫിഷറീസ് വകുപ്പ് ധീവരസമുദായത്തെ മുൻവിധിയോടെ അവഗണിക്കുന്ന സമീപനമാണെന്ന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ പറഞ്ഞു. അഖിലകേരള ധീവരസഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധന നയ രൂപീകരണ സമിതികളിൽ ധീവരസമുദായത്തെ ഒഴിവാക്കി മറ്റു ട്രേഡ് യൂണിയനുകളെ പങ്കാളികളാക്കി തീരുമാനമെടുക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, സാമൂഹികപരമായും പിന്നാക്കം നിൽക്കുന്ന സമുദായത്തിന് അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കണമെങ്കിൽ രാഷ്ട്രീയ അധികാര പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അതിനായി സമുദായം സംഘടിത ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ. വി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ, ജില്ലാ സെക്രട്ടറി എൻ. കെ. രാജു, മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി എൻ. ആർ ഷാജി, ജില്ലാ വൈസ് പ്രസി. ശിവദാസ് നാരായണൻ, പി. എൻ. രഘു, പി. കെ. കാർത്തികേയൻ, മഹിളാ നാരായണൻ, കെ. സജീവൻ, ഷീബാ രമേശൻ, ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു. വയലാർ സാഹിത്യ അവാർഡ്‌നേടിയ സുബ്രഹ്മണ്യൻ അമ്പാടിയേയും, ജ്യോതിഷ രംഗത്ത് പൂന്താന പുരസ്‌കാരം നേടിയ സന്തോഷ് ദൈവത്തറയേയും ചടങ്ങിൽ ആദരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി.