eerayilkadav-palam

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ഈരയിൽക്കടവ് ബൈപാസ് നിർമ്മാണം പാതിവഴിയിൽ മുടങ്ങി. റോഡിന്റെ മദ്ധ്യഭാഗത്ത് മെറ്റിൽ നിരത്തുന്ന ജോലികൾ ആരംഭിച്ചെങ്കിലും പിന്നീട് നിലച്ച മട്ടായി. മൂന്നു വർഷമായി മണ്ണിറക്കിയിട്ട അപ്രോച്ച് റോഡ് പൂർണമായും തകരുക കൂടി ചെയ്‌തതോടെ ബൈപാസിലൂടെയുള്ള യാത്ര ദുഷ്‌കരമായി.

ഈരയിൽക്കടവിൽ കൊടൂരാറിന് കുറുകെ പാലവും മണിപ്പുഴയിൽ തോടിനു കുറുകെ കലുങ്കുമാണ് കോട്ടയം വികസന കോറിഡോർ എന്ന പേരിൽ മൂന്നു വർഷം മുൻപ് നിർമ്മിച്ചത്. ഈരയിൽക്കടവിൽ നിന്നു മണിപ്പുഴ വരെയുള്ള മൂന്നര കിലോമീറ്ററിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 500 മീറ്ററിൽ മെറ്റിൽ നിരത്തുന്ന ജോലികൾ ആഗസ്റ്റ് ആദ്യ വാരം ആരംഭിച്ചു. റോ‌ഡ‌് നിർമ്മാണം അതിവേഗം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മെറ്റിൽ നിരത്തിയതെന്നായിരുന്നു അന്ന് പൊതുമരാമത്ത് വകുപ്പിന്റെ വാദം. എന്നാൽ, പ്രളയത്തിനു ശേഷം പിന്നീട് ഒരു വരി പോലും മെറ്റൽ നിരത്താൻ അധികൃതർ തയ്യാറായില്ല.

കനത്ത മഴയിൽ ആഗസ്റ്റ് മാസം പകുതിയോളം റോഡ് മുങ്ങിക്കിടന്നതോടെ മെറ്റിലുകളും മണ്ണും ഇളകി. ചിലയിടത്ത് മെറ്റിൽ ഒഴുകിപ്പോയിട്ടുണ്ട്. അപ്രോച്ച് റോഡിലെ മണ്ണ് പൂർണമായും ഒഴുകി മാറി വലിയ കുഴികൾ രൂപപ്പെട്ടു. റോഡ് തകർന്നതോടെ ഇരുചക്ര വാഹനങ്ങൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കി.

ഈരയിൽക്കടവ്- മണിപ്പുഴ റോഡിനായി ചെലവഴിച്ചത്: 5.90 കോടി

തുടർപ്പണികൾക്കായി അനുവദിച്ചത് : 170 ലക്ഷം