photo

കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 4ാം വാർഡിലെ മഞ്ഞപ്പള്ളി - തോമ്പലാടി റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്നു 5 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന പാതയായ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിനെയും, എറികാട് - മൂഴിക്കാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിനെ ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്. 150 ഓളം കുടുംബങ്ങളുടെ ഏക യാത്രാ മാർഗ്ഗവുമാണ്. കയറ്റിറക്കമുള്ള റോഡ് പ്രളയകാലത്ത് ശക്തമായ വെള്ളപ്പാച്ചിലിൽ കുണ്ടും, കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകുകയായിരുന്നു. നാട്ടുകാരുടെ നിവേദനത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വിമല ജോസഫ്, സിബി വെങ്ങാലൂർ, ജെയിംസ് തെക്കേമുറി, റെജികുമാർ അമ്പഴത്തിനാൽ എന്നിവർ പ്രസംഗിച്ചു.