വൈക്കം: സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിച്ച് ശബരിമല യുവതീ പ്രവേശന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ധീവരസഭ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ താത്പര്യം പരിഗണിച്ച് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകാതെ നിരപരാധികളെപ്പോലും കേസിൽ പ്രതിയാക്കുന്ന നടപടി പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്നും ജാതി - വർഗ ചിന്തകൾക്കും രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങൾക്കും അതീതമായി ഹൈന്ദവ സമൂഹം ശബരിമലയിലെ യുവതി പ്രശ്‌നത്തിൽ ഒന്നിച്ച് നിൽക്കുമ്പോൾ സവർണനെന്നും അവർണനെന്നും ചേരിതിരിവ് ഉണ്ടാക്കാനുള്ള മുഖ്യമന്ത്റിയുടെ സമീപനം ഒരു ഭരണാധികാരിക്ക് ചേരുന്നതല്ലെന്നും ദിനകരൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ക്ഷേത്രാവകാശവും പൊന്നമ്പലമേട്ടിൽ ദീപം തെളിയിക്കാനുള്ള അവകാശവും മലയരയ സമുദായത്തിന് തിരിച്ചു നൽകാൻ തയ്യാറാകുകയാണ് വേണ്ടത്. ദേവസ്വം ശാന്തിക്കാരായി പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളെ നിയമിച്ചുവെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്റി ശബരിമലയിലും ഗുരുവായൂരിലും ശാന്തിക്കാരായി പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിപ്പെട്ടവരെ നിയമിക്കാൻ തയ്യാറാകണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ, ജില്ലാ സെക്രട്ടറി എം.കെ.രാജു, വൈസ് പ്രസിഡന്റ് ശിവദാസ് നാരായണൻ, മഹിളാ സഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ, കൗൺസിലർ വി.വി.സത്യൻ, മഹിള നാരായണൻ, പി.എൻ.രഘു, ആർ.സുരേഷ്, ഷീബാ രമേശൻ എന്നിവർ പ്രസംഗിച്ചു.