കോട്ടയം:കേരള വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന വെള്ളക്കരം കുടിശികയുള്ള കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടികൾ ആരംഭിച്ചു. മൂന്നു മാസമായി കുടിശിക വരുത്തിയിട്ടുള്ള കണക്ഷനുകളാണു വിച്ഛേദിക്കുന്നത്. പഴയ നഗരസഭാ പ്രദേശത്തെയും കുമരകം, തിരുവാർപ്പ്, പനച്ചിക്കാട്, മണർകാട്, വിജയപുരം, പുതുപ്പള്ളി, പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലെയും കുമാരനല്ലൂർ, നാട്ടകം പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കെതിരെയാണ് നടപടി. കണക്ഷനുകൾ വിച്ഛേദിക്കുന്നതിനൊപ്പം റവന്യു റിക്കവറിക്കും ശുപാർശ ചെയ്യും. കുടിവെള്ള കണക്ഷനുകളിൽ നിന്നു കെട്ടിടനിർമാണം ഉൾപ്പടെ ജലം ദുർവിനിയോഗം ചെയ്യുന്ന കണക്ഷനുകളും നോട്ടീസ് നൽകാതെ വിച്ഛേദിക്കും. മീറ്റർ പ്രവർത്തനരഹിതമാണെന്നു നോട്ടിസ് ലഭിച്ചിട്ടും മീറ്റർ മാറാത്ത കണക്ഷനുകളും വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

വാട്ടർ കണക്ഷൻ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, 200 രൂപയുടെ മുദ്രപ്പത്രം, വസ്തുവിന്റെ പ്രമാണത്തിന്റെ പകർപ്പ് എന്നിവ സഹിതം ഹാജരാക്കിയാൽ ഉടമസ്ഥാവകാശം മാറ്റി നൽകും. ഗാർഹിക വിഭാഗത്തിൽ എടുത്തിരിക്കുന്ന കണക്ഷൻ ഗാർഹികേതര വിഭാഗത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം കണക്ഷനുകൾ അപേക്ഷ നൽകി ഗാർഹികേതര വിഭാഗത്തിലേക്കു മാറ്റാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ 4 വരെ വെള്ളക്കരം സ്വീകരിക്കും.