etpa

ഈരാറ്റുപേട്ട: അവധിക്കാലവും ഒഴിവുനേരവും ചെലവിടാൻ ഈരാറ്റുപേട്ട നഗരത്തിൽ 'കുട്ടികൾക്കായി ഒരു പാർക്ക് " ഒന്നരപതിറ്റാണ്ട് മുൻപുള്ള ഈ പ്രഖ്യാപനം ഇന്നും കടലാസിൽ ഉറങ്ങുകയാണ്. തെക്കേക്കര പാലത്തിനോട് ചേർന്ന് മീനച്ചിലാറിന്റെ കരയിൽ ഭൂമി കണ്ടെത്തി മതിൽ കെട്ടി തിരിച്ചത് മാത്രമാണ് ആകെ ചെയ്തത്. സ്ഥലം ഇപ്പോൾ കാടുപിടിച്ചും മാലിന്യഹബായി മാറിയിരിക്കുകയാണ്. പി.എസ്.എം നൗഫൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഒഴിപ്പിച്ചെടുത്തത്. സ്‌പോൺസർഷിപ്പിൽ പാർക്ക് നിർമ്മിക്കാനുള്ള നീക്കം നടക്കുകയും വിവിധ പരിശോധനകൾ നടത്തുകയും ചെയ്‌തെങ്കിലും പിന്നീട് പിൻമാറി. പാർക്കിനോടൊപ്പം സമീപത്തെ പുഴ പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിംഗ് സംവിധാനം ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനിടയിൽ പാർക്കിന് തുരങ്കംവയ്ക്കാൻ ഇവിടെ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനുള്ള നീക്കവും നടന്നു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പിന്നീട് ഇത് ഉപേക്ഷിച്ചു.


ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടും

ഈരാറ്റുപേട്ട നഗരസഭയായി ഉയർത്തിയ ശേഷവും തിരഞ്ഞെടുപ്പു വേളയിലും രാഷ്ട്രീയനേതാക്കളുടെ പ്രധാന വാഗ്ദാനമായിരുന്നു പാർക്ക്. എന്നാൽ കേവലം ബഡ്ജറ്റിനപ്പുറത്തേക്ക് നടപടികളൊന്നുമുണ്ടായില്ല. കൗൺസിൽയോഗത്തിൽ അജണ്ടയായി പോലും പാർക്ക് വിഷയം വരുന്നില്ല.