കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് അയർക്കുന്നത്ത് പുതിയ പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റ് സ്ഥാപിച്ചു. അയർക്കുന്നം, വിജയപുരം, പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കി ഇവിടെ എത്തിച്ച് പൊടിച്ച് റീ-ടാറിംഗിനായി ഉപയോഗിക്കുകയാണ് പദ്ധതി. അയർക്കുന്നത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന ബ്ലോക്ക് പഞ്ചായത്തുവക കെട്ടിടത്തിലാണ് പുതിയ യൂണിറ്റ് ആരംഭിച്ചത്. ഓരോ പഞ്ചായത്തുകളിലും റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. പ്ലാസ്റ്റിക്ക് കുപ്പികൾ ചെറുതാക്കി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ശശീന്ദ്രനാഘ് അദ്ധ്യക്ഷത വഹിച്ചു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോൾ ജയ്‌മോൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ.സുനിൽകുമാർ, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.