കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജ് യൂണിയൻ ചെയർമാൻ കെ.ആർ അനന്തു, എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഡി.ഗോകുൽ എന്നിവർക്കു നേരെ ആക്രമണം. ഹെൽമറ്റും പൈപ്പും ഉപയോഗിച്ച് തലയ്‌ക്ക് അടിയേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാറേച്ചാൽ ബൈപാസിലായിരുന്നു സംഭവം. വൈക്കം സ്വദേശികളായ ഇരുവരും ബൈക്കിൽ കോളേജിൽ നിന്നു വീട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയത്. ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തിയ ശേഷം പൈപ്പും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. പ്രദേശവാസികളാണ് ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്ക് പരിക്കേറ്റതിനാൽ വിശദ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചിങ്ങവനം പൊലീസ് കേസെടുത്തു.