kunnathukalathil

കോട്ടയം: 150 കോടിയുടെ ചിട്ടിതട്ടിപ്പ് കേസിൽ കുറ്റാരോപിതനായ കുന്നത്തുകളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തിൽ ജിനോഭവനിൽ കെ.വി.വിശ്വനാഥനെ (61) ആശുപത്രിക്കെട്ടിടത്തിന് മുകളിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ ജാമ്യത്തിലിറങ്ങി നാലാം ദിവസമാണ് മരണം. നാഗമ്പടം എസ്.എച്ച് ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വിശ്വനാഥൻ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയുടെ ആറാം നിലയിലെ വാർഡിലായിരുന്നു വിശ്വനാഥൻ. ഭാര്യ രമണി ഫോൺ ചെയ്യാനായി മാറിയതിനിടെ ടെറസിൽ നിന്നു ചാടിയ വിശ്വനാഥൻ ഷീറ്റ് മേൽക്കൂരയിൽ തട്ടി കെട്ടിടമദ്ധ്യത്തിലെ കോണിയിൽ തലയിടിച്ച് വീഴുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ടോടെ സംസ്‌കരിച്ചു.

ജൂൺ 18നാണ് കോട്ടയം സബ്‌കോടതിയിൽ വിശ്വനാഥനും കുടുംബവും പാപ്പർ ഹർജി നൽകിയ ശേഷം നാടുവിട്ടത്. 135 കോടിയുടെ ബാദ്ധ്യതയുണ്ടെന്നും 65 കോടിയുടെ നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പാപ്പർ ഹർജി. നിക്ഷേപകരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ജൂലായ് 17ന് തൃശൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ. ജയചന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തത്. നാലുമാസത്തോളം റിമാൻഡിലായിരുന്ന വിശ്വനാഥൻ കഴിഞ്ഞ 30നാണ് ജാമ്യത്തിലിറങ്ങിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സൈക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.