money

കോട്ടയം: വികസന പദ്ധതി സമർപ്പണം നേരത്തേ നടത്തിച്ച് സർക്കാർ ഇടപെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങൾ നന്നാവുന്നില്ല. സാമ്പത്തിക വർഷം ഏഴ് മാസം പിന്നിടുമ്പോൾ, പകുതി തുക പോലും ചെലവഴിക്കാതെ ഉഴപ്പുകയാണ്. ഒക്ടോബറിനകം 70 ശതമാനം തുക ചെലവഴിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ തട്ടിമുട്ടി എത്തിയത് വെറും 37.26 ശതമാനത്തിൽ.

വികസന പ്രവർത്തനങ്ങൾ ഇത്തവണയെങ്കിലും പാളരുതെന്ന ഉദ്ദേശ്യത്തിലാണ് സാമ്പത്തിക വർഷം തുടങ്ങും മുൻപേ മുഴുവൻ പദ്ധതികളും സമർപ്പിക്കാൻ സർക്കാർ കർശനമായി നിർദ്ദേശിച്ചത്. കൃത്യസമയത്ത് അംഗീകാരം നൽകുകയും ചെയ്തു. പക്ഷേ, പ്രവർത്തനത്തിൽ പതിവ് മെല്ലോപ്പോക്ക് തന്നെ.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 6721.95 കോടിയുടെ പദ്ധതിയിൽ 2504.40 കോടിയാണ് ചെലവഴിച്ചത്. 41.32 ശതമാനം തുക ചെലവഴിച്ച കണ്ണൂർ മുന്നിലും 32.2 ശതമാനം ചെലവഴിച്ച എറണാകുളം ഏറ്റവും പിന്നിലുമാണ്. സ്പിൽ ഓവർ തുക കൂടി ചെലവിൽ ഉൾപ്പെടുത്തിയതിനാലാണ് ശതമാനം ഇത്രയെങ്കിലുമായത്.

43 ശതമാനം ചെലവഴിച്ച ബ്ളോക്ക് പഞ്ചായത്തുകളാണ് മുന്നിൽ. 39.33 ശതമാനം ചെലഴിച്ച ജില്ലാ പഞ്ചായത്തുകൾ രണ്ടാമതും 37.9 ശതമാനവുമായി ഗ്രാമ പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തുമാണ്. 28.41 ശതമാനം മാത്രം ചെലവഴിച്ച കോർപറേഷനുകളാണ് ഏറ്റവും പിന്നിൽ.

 എല്ലാം പ്രളയത്തിൽ ചാരി...

പ്രളയം മൂലം പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റിയെന്ന ന്യായമാണ് തദ്ദേശ സ്ഥാപനങ്ങൾ നിരത്തുന്നത്. എന്നാൽ പ്രളയം ബാധിക്കാത്ത ജില്ലകളുടെ പ്രവർത്തനവും മോശമാണ്. പ്രളയബാധിത പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും തടസമായതായി ഉദ്യോഗസ്ഥർ പറയുന്നു.

 ഭേദം കണ്ണൂർ, പിന്നിൽ എറണാകുളം

(ജില്ലകളിലെ പദ്ധതി ചെലവ് ശതമാനത്തിൽ)

കണ്ണൂർ: 41.32

തിരുവനന്തപുരം: 39.77

പത്തനംതിട്ട: 39.36

പാലക്കാട്: 39.26

വയനാട്: 38.21

കാസർകോട്: 38.1

കോഴിക്കോട്: 37.98

കൊല്ലം: 37.69

 കോട്ടയം: 36.55

തൃശൂർ: 36.03

മലപ്പുറം: 35.57

ആലപ്പുഴ: 35.42

ഇടുക്കി: 35.22

എറണാകുളം: 32.2