കോട്ടയം: എം.സി റോഡിൽ നിരതെറ്റിച്ച് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കുറിച്ചി മള്ളൂശേരി സാബുവിന്റെ മകൻ വിവേക് (22)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതോടെ എം.സി റോഡിൽ നാഗമ്പടം പാലത്തിന് സമീപമായിരുന്നു അപകടം. ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ ജീവനക്കാരനാണ് വിവേക്. ഇവിടേക്ക് വരുന്നതിനിടെ എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന സെൻ്റ് തോമസ് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് ബോധരഹിതനായി വീണ വിവേകിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ബസ് ഡ്രൈവർ സംഭവ സ്ഥലത്തു നിന്നു ഓടിരക്ഷപ്പെട്ടു. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.