g-raman-nair

കോട്ടയം: കോൺഗ്രസ് വിട്ടുവന്ന രണ്ട് നേതാക്കൾക്കും ബി.ജെ.പി ഉന്നത സ്ഥാനങ്ങൾ നൽകി. സംസ്ഥാന ഉപാദ്ധ്യക്ഷനായി ജി.രാമൻ നായരെയും കമ്മിറ്റി അംഗമായി ഡോ.ജെ.പ്രമീളാദേവിയെയും നോമിനേറ്റ് ചെയ്തതായി പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പല കെ.പി.സി.സി ഭാരവാഹികൾക്കും ബി.ജെ.പിയിലേക്ക് വരാൻ താത്പര്യമുണ്ട്. സ്ഥാനമാനങ്ങൾ സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ പേരുകൾ പറയുന്നില്ല. തീരുമാനമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കും.

എം.എം.ലോറൻസിന്റെ കുടുംബത്തിൽ ആർക്ക് വേണമെങ്കിലും ബി.ജെ.പി മെമ്പർഷിപ്പ് നൽകാൻ തയ്യാറാണ്. ലോറൻസിന്റെ മകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ആ കുടുംബത്തെ ബി.ജെ.പി ഏറ്റെടുക്കും. ശബരിമല വിഷയത്തിൽ കോടതിയലക്ഷ്യം കാട്ടിയെന്നാരോപിച്ച് സി.പി.എമ്മുകാർ കേസ് കൊടുത്തിരിക്കുകയാണ്. കോടതിയലക്ഷ്യത്തിന്റ പേരിൽ ഉണ്ടാകുന്ന എന്ത് നടപടിയും നേരിടുമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ശ്രീധരൻ പിള്ള പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എൻ.ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ് തുടങ്ങിയവർ സംസാരിച്ചു.

'എന്റെ വരവ് തുടക്കം മാത്രം. പ്രമുഖ കോൺഗ്രസ് നേതാക്കൾ പിന്നാലെ ബി.ജെ.പിയിലെത്തും. ബി.ജെ.പി നേതൃത്വത്തോട് സംസാരിക്കാൻ അവരിൽ പലരും എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്."

- ജി.രാമൻ നായർ