photo

കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഇറഞ്ഞാൽ കൊശമറ്റം റോഡ് കടക്കാൻ സർക്കസ് പഠിക്കണം.

കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി തകർന്ന റോഡ് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല .കനത്തമഴയിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതോടെയാണ് ടാറിംഗ് ഇളകി 5 കിലോമീറ്ററോളം തകർന്ന് റോഡ് ശോച്യാവസ്ഥയിലായത്. ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. കൊശമാറ്റം ഇറഞ്ഞാൽ ഭാഗത്ത് മലിനജലം കടന്നുപോകാൻ ഓടകളില്ലാത്തതാണ് വെള്ളം കിട്ടി നിൽക്കാൻ കാരണം. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ കുഴി നിറഞ്ഞ റോഡിലൂടെ രാത്രി കാൽനടയാത്രയും സാധ്യമല്ല. അതേസമയം കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ അറ്റകുറ്രപ്പണികൾ നടത്തുമെന്നാണ് പി.ഡബ്യൂ.ഡി അധികൃതരുടെ വിശദീകരണം. തിരുവഞ്ചൂർ, പാലാ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് കഞ്ഞിക്കുഴി , നാഗമ്പടം ഭാഗത്തെ ഗതാഗതക്കുരുക്കിൽപ്പെടാതെ തന്നെ കോട്ടയം ടൗണിലേക്ക് എളുപ്പം എത്താനുള്ള മാർഗമാണ് കൊശമറ്റം റോഡ്. എം.ഡി സെമിനാരി, ലൂർദ്ദ് പബ്ലിക്ക് സ്‌കൂൾ,വിജയപുരം ഹോളി ഫാമിലി എന്നീ സ്‌‌കൂളുകളിലേക്കും റബർബോർഡ് ഓഫീസിലേക്കും എത്തിച്ചേരാൻ നൂറ് കണക്കിനാളുകളാണ് ഈ റോഡിനെ ദിവസവും ആശ്രയിക്കുന്നത്.

മണ്ണിട്ട് ഉയർത്തി, പക്ഷേ ഓടയില്ല

താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വീതികൂട്ടി ഉയർത്തിയിരുന്നു. എന്നാൽ പലയിടത്തും ഓടകൾ നിർമ്മിച്ചിട്ടില്ല.

നഗരത്തിലെ പലപ്രദേശങ്ങളിലും ഇടറോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള പ്രധാന കാരണവും ഇതാണ്. കഞ്ഞിക്കുഴി, ഇറഞ്ഞാൽ റോഡ് ,പൂവത്തുംമൂട്, പാലാറോഡ് എന്നിവിടങ്ങളിൽ മണ്ണിട്ടുയർത്തിയെങ്കിലും ഓട നിർമ്മിക്കാത്തത് കാരണം വെള്ളം കയറിയിരുന്നു.

.