disa

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസും കെ.എ.എസ്.ഇ.യും സംയുക്തമായി സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള 'ദിശ 2018'ൽ പങ്കെടുത്തത് 4372 പേർ. 47 തൊഴിൽദാതാക്കൾ പങ്കെടുത്ത മേളയിലൂടെ 345 പേർക്ക് തൊഴിൽ ലഭിച്ചു. 1529 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 2784 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 3000 പേർക്ക് പുറമെ 1372 പേർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി. ഇന്റർവ്യൂ ഫലം നവംബർ 30 മുതൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നിന്ന് ലഭിക്കും. മേളയുടെ ഉദ്ഘാടനം സർവകലാശാല അസംബ്ലിഹാളിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എസ്. പത്മനാഭൻ നിർവഹിച്ചു. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സിൻഡിക്കേറ്റംഗം പ്രൊഫ. സന്തോഷ് പി.തമ്പി അദ്ധ്യക്ഷത വഹിച്ചു. പ്ലേസ്‌മെന്റ് സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. ജോണി ജോൺസൺ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ വി.പി. ഗൗതമൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ.എം. സോണിയ, എംപ്ലോയബിലിറ്റി സെന്റർ സംസ്ഥാന മേധാവി ശർമ്മിള സത്യൻ, ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി എ.പി. പ്രശാന്ത്, എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ഡി.എസ്.എസ്. ഡയറക്ടർ ഡോ. എം.കെ. ബിജു എന്നിവർ പ്രസംഗിച്ചു.