viswan-wife-

കോട്ടയം 'കുന്നത്തുകളത്തിൽ വിശ്വപ്പൻ പാപ്പരായി ജൂൺ 18 ന് മുങ്ങിയെന്ന വാർത്ത പരന്നപ്പോൾ വിശ്വസിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അടുത്തറിയുന്നവരുടെ ചോദ്യം ' വിശ്വപ്പന് അതിന്റെ ആവശ്യമുണ്ടായിരുന്നോ 'എന്നായിരുന്നു. ഇന്നലെ നാഗമ്പടം മെഡിക്കൽസെന്ററിലെ ആറാം നിലയിൽ നിന്ന് ചാടി അത്മഹത്യയിലഭയം തേടിയപ്പോഴും അത് വേണമായിരുന്നോ എന്ന ചോദ്യമുയർന്നു. കുമരകം കുന്നത്തുകളത്തിൽ വാസുദേവപ്പണിക്കരുടെ മൂത്ത മകനായ വിശ്വനാഥൻ എന്ന വിശ്വപ്പൻ പിറന്നു വീണത് സമ്പന്നതയുടെ നടുവിലായിരുന്നു. പിതാവ് ചെറിയരീതിയിൽ തുടങ്ങിവച്ച ബിസിനസ് കോട്ടയത്തും ചങ്ങനാശേരിയിലും ചെങ്ങന്നൂരും ജുവലറിയും ഫിനാൻസും ചിട്ടിസ്ഥാപനവുമായി കോടികളുടെ ബിസിനസ് ഗ്രൂപ്പാക്കി വിപുലപ്പെടുത്തിയത് വിശ്വനാഥനായിരുന്നു.
വിവാഹാവശ്യത്തിന് ചിട്ടിചേരുന്ന സാധാരണക്കാർക്ക് ആദ്യ ചിട്ടിയും പെൺമക്കൾക്കുള്ള സ്വർണാഭരണങ്ങൾ ചിട്ടി വായ്പയിൽ നൽകിയും പാവങ്ങളുടെ കണ്ണീരൊപ്പി വിശ്വനാഥൻ ശ്രദ്ധേയനായത് പെട്ടെന്നായിരുന്നു. അടിയുറച്ച ശ്രീനാരായണീയ ഭക്തനും ഈശ്വര വിശ്വാസിയുമായിരുന്നു. ക്ഷേത്രവും പള്ളികളുമായി ബന്ധപ്പെട്ടതടക്കം ഏതു വികസന പ്രവർത്തനങ്ങൾക്കും രാഷ്ട്രീയക്കാർക്കും സന്നദ്ധ സംഘടനകൾക്കുമെല്ലാം കൈയയച്ചു സഹായവും നൽകി.
കുട്ടിക്കാനം മരിയൻ കോളേജിൽ ബി.ബി.എ വിദ്യാർത്ഥിയായിരുന്ന മകൻ ജിനോയുടെ അകാലമരണത്തോടെയായിരുന്നു എല്ലാം തകിടം മറിഞ്ഞത്. മകന്റെ മരണത്തോടെ മരുമക്കൾ ബിസിനസ് പങ്കാളികളായെത്തി. വിശ്വപ്പന്റെ കൈയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ കടിഞ്ഞാൺ വേഗത്തിൽ കൈവിട്ടു തുടങ്ങി. കിട്ടാനുള്ള ലക്ഷങ്ങൾ പുറത്ത് , കൊടുത്ത് തീർക്കാനുള്ള ലക്ഷങ്ങൾ ഇരട്ടിയോളം. ഏത് ബിസിനസും പൊളിയുന്ന അവസ്ഥയിൽ. പാപ്പരായി കോടതി പ്രഖ്യാപിച്ചതിനു പിറകെ നിക്ഷേപകരുടെ പരാതിയിൽ വിശ്വനാഥനെയും കുംടുംബത്തെയും പൊലീസ് അറസ്റ്റു ചെയ്തു. പിന്നെ മൂന്നുമാസത്തിലേറെ ജയിൽ വാസം. സമൂഹത്തിലെ നിലയും വിലയും നഷ്ടമായി മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീണ് നാട്ടുകാരുടെ മുന്നിൽ തട്ടിപ്പുകാരന്റെ മേലങ്കിയുമായി അപഹാസ്യനായി നിൽക്കുക എന്നത് വിശ്വനാഥന് ഉൾക്കൊള്ളാനാകുമായിരുന്നില്ല. ജയിൽവാസത്തിനിടയിൽ അസുഖബാധിതനായി ആശുപത്രിയിലായി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചുവെങ്കിലും പുറംലോകത്തെ പരിഹാസനോട്ടവും അടുപ്പമുള്ളവർ അകന്നതും ഉൾക്കൊള്ളാനാവാതെ മാനോരോഗത്തിനും ചികിത്സയിലായി. അവസാനം ഇന്നലെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ഫോൺ ചെയ്യാൻ മാറിയ സന്ദർഭത്തിൽ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യചെയ്യുമ്പോൾ ഒരു ദുരന്ത നാടകത്തിന്റെ തിരശ്ശീല താഴുകയായിരുന്നു.