കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കാലായിപ്പടി മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മാസത്തിനുള്ളിൽ തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒരു വർഷമായി നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. പാലം പൊളിച്ചതോടെ കുറിച്ചി പഞ്ചായത്തിലെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞു. കുറിച്ചി പഞ്ചായത്ത്, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, കൃഷി ഭവൻ, സെമിനാരി സ്‌കൂൾ, ആരാധനലായങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചേരാനാകാതെ ആളുകൾ വട്ടംകറങ്ങുകയാണ്. പ്രധാന നഗരങ്ങളിലെത്തി ചേരാൻ മണിക്കൂറുകളോളം ചുറ്റിക്കറങ്ങണം. ഈ ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ചങ്ങനാശേരി റെയിൽവേ ടെർമിനൽ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര റെയിൽവേ മന്ത്രിക്ക് പാലംപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. മൂന്ന് മാസം മുൻപ് നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപികരിച്ച് റെയിൽവേ സഹമന്ത്രി, കൊടിക്കുന്നിൽ സുരേഷ് എം.പി, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർക്ക് പരാതിയും നൽകി. എന്നിട്ടും ഫലമുണ്ടായില്ല. ഫണ്ട് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കരാറുകാർ മന:പൂർവം നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുകയാണെന്നാണ് റെയിൽവേയുടെ വിശദീകരണം. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇതുവരെ യോഗവും ചേർന്നിട്ടില്ല.
'' സെപ്‌തംബർ 7 ന് റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയറും ഉദ്യോഗസ്ഥരും നേരിട്ടെത്തി ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. ഡിസംബർ 25 നകം നിർമാണം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും ''
പി.വി ജോർജ് ( ആക്ഷൻകൗൺസിൽ ചെയർമാൻ)