അഞ്ച് ബൈക്കുകൾ തകർന്നു
കോട്ടയം: നഗരമദ്ധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്‌ക്ക് പാഞ്ഞു കയറി മൂന്നു പേർക്ക് പരിക്കേറ്റു. തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്‌പാത്ത് കച്ചവടക്കാരായ കുമ്മനം മുബാറക് മൻസിലിൽ അൻസാർ ഷാ (37), അനസ് എന്നിവർക്കാണ് പരിക്കേറ്റത്. സമീപത്ത് പാർക്ക് ചെയ്‌തിരുന്ന അഞ്ച് ബൈക്കുകളും തകർന്നു. കാർ ഡ്രൈവർ തിരുവനന്തപുരം പേരൂർക്കട സ്വദേശി രവീഷ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ടി.ബി റോഡിൽ തിരുനക്കര മൈതാനത്തിനു സമീപത്തെ സ്വകാര്യ ജുവലറിയ്‌ക്ക് മുന്നിലായിരുന്നു അപകടം. എറണാകുളത്തു നിന്നു തിരുവനന്തപുരത്തിനു പോകുകയായിരുന്നു കാർ. ബൈക്കുകളിൽ ഇടിച്ച് കാർ നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഞായറാഴ്‌ചയായതിനാൽ നടപ്പാതകളിൽ നിരവധി കച്ചവടക്കാരും സാധങ്ങൾ വാങ്ങുന്നവരുടെ തിരക്കുമുണ്ടായിരുന്നു. കാർ പാഞ്ഞെത്തുന്നത് കണ്ട് എല്ലാവരും ഓടിമാറി. ബൈക്കിനിടയിൽ കുടുങ്ങിയാണ് മൂന്നു പേർക്കു പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് മൂവരെയും ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശ്രുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് അയച്ചു. പരാതിയുണ്ടെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.