aymanam

അയ്‌മനം: ടൂറിസം രംഗത്ത് പുതിയ വാതായനങ്ങൾ തുറന്ന അയ്മനത്തെ തേടി ഉത്തരവാദിത്ത ടൂറിസംമിഷന്റെ മാതൃക ഗ്രാമപദ്ധതിയും എത്തി. പഞ്ചായത്ത്‌ കേന്ദ്രീകരിച്ച് വിവിധ ടൂറിസം പാക്കേജുകൾ തയ്യാറാക്കി തദ്ദേശീയർക്ക് പരമാവധി തൊഴിലും വരുമാനവും സാദ്ധ്യമാക്കുന്നതാണ് പദ്ധതി. പായ നെയ്‌ത്ത്, കയർപിരി, കള്ളു ചെത്ത്, ഓലമെടയൽ തുടങ്ങിയ പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്നവർക്കും മെച്ചപ്പെട്ട തൊഴിലവസരമാണ് ഇതോടെ കൈവരുന്നത്. കരകൗശലമേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോംസ്റ്റേ, ബോട്ട് ഉടമസ്ഥർ, ഓട്ടോ/ടാക്‌സി ഉടമകൾ ,ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും ജൈവ പച്ചക്കറി , പഴവർഗ്ഗങ്ങൾ, മുട്ട പാൽതേങ്ങ കരിക്ക് തുടങ്ങിയ വിവിധ കാർഷിക ഉല്പന്നങ്ങൾ, മൂല്യവർദ്ധിത ഭക്ഷ്യ ഉത്‌ന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാൻ താത്‌പര്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ, ഗ്രൂപ്പുകൾ വ്യക്തികൾ എന്നിവർക്കും അവസരങ്ങളുണ്ട്.

ക്ഷേത്ര ലളിതകലകളുടെ നാടായ കുടമാളൂർ കേന്ദ്രീകരിച്ച് ടൂറിസ്റ്റുകൾക്ക് ഏതുസമയത്തും വിവിധ നാടൻ കലകൾ ആസ്വദിക്കാനുള്ള സ്ഥിരം കലാവേദി, കുടുംബശ്രീ ഒരുക്കുന്ന നാടൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം,​ കുടമാളൂർ പള്ളി, പാണ്ഡവംക്ഷേത്രം, ചെമ്പകശ്ശേരി മനയും കാവും ഉൾപ്പെടെയുള്ള പൗരാണിക കാഴ്ചകളും പാക്കേജിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും ,രണ്ടു ഫോട്ടോയും സഹിതം10 നു മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

'' കുമരകം കവാണാറ്റിൻകരയിൽ നിന്ന് ടൂറിസ്റ്റുകൾക്ക് ശിക്കാരിബോട്ടിൽ സഞ്ചരിച്ച് കായലും കൈത്തോടുകളും വയലും ഒരുക്കുന്ന ഗ്രാമീണ ഭംഗി ആസ്വദിച്ച് കുടമാളൂരിലെത്തി വിവിധ കാഴ്ചകൾ കാണാൻ കഴിയുന്ന പാക്കേജും, കോട്ടയത്തുനിന്ന് കരമാർഗ്ഗം വിവിധ കേന്ദ്രങ്ങളിലെത്തുന്ന പാക്കേജുകളും നടപ്പാക്കും.

എ. കെ ആലിച്ചൻ (അയ്‌മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)