പാമ്പാടി: പരാധീനതകളുടെയും ദുരിതങ്ങളുടെയും നടുവിൽ നിന്ന് പാമ്പാടി വില്ലേജ് ഓഫീസിന് മോചനമില്ല. കെട്ടിടം ദിനംപ്രതി ജീർണാവസ്ഥയിലേക്ക് നീങ്ങുമ്പോഴും അധികൃതർ നിസംഗഭാവത്തിലാണ്. ജില്ലയിലെ 25 വില്ലേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കേരള എൻ.ജി.ഒ യൂണിയൻ പദ്ധതിയിലും വില്ലേജിനെ ഉൾപ്പെടുത്തിയിട്ടില്ല. പാമ്പാടി പഞ്ചായത്ത് വികസനത്തിലൂടെ കുതിക്കുമ്പോഴാണ് വില്ലേജ് ഓഫീസിന് ഈ ഗതി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം പാമ്പാടി പഞ്ചായത്തു ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും വില്ലേജ് ഓഫീസ് ഇപ്പോഴും അവഗണനയിലാണ്. പാമ്പാടി ടൗണിന് സമീപമാണ് പഞ്ചായത്തും വില്ലേജും സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസിന് വേണ്ട സ്ഥലമുണ്ടെങ്കിലും അധികൃതർ അനുമതി കൊടുത്തിട്ടില്ല.
ഇല്ലിവളവ് മുതൽ കങ്ങഴ ആശുപത്രി വരെയുള്ള മേഖലകളിലുള്ളവർക്ക് ആശ്രയമായ വില്ലേജ് ഓഫീസിൽ ഇരിക്കാൻ കസേരകൾ പോലുമില്ല. നിലംപൊത്താറായ ഓടിട്ട കെട്ടിടത്തിൽ ജീവൻ പണയം വച്ചാണ് വില്ലേജ് ഓഫീസറടക്കം ഏഴ് ജീവനക്കാർ ജോലി ചെയ്യുന്നത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് ഫയലുകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള തിരക്കിലാണ് ജീവനക്കാർ. ഇതിനോടകം നിരവധി രേഖകൾ ചിതലരിച്ച് നശിച്ചിട്ടുണ്ട്.
മഴവെള്ളം വീണ് ഭിത്തികളിൽ വിള്ളലുകളും രൂപപ്പെട്ടു തുടങ്ങി.