കോട്ടയം: ഏറ്റുമാനൂരിനെ സമ്പൂർണ മാലിന്യ വിമുക്ത നഗരമാക്കാൻ വനിതകൾ രംഗത്ത്. നഗരസഭയിലെ 35 വാർഡുകളിൽ നിന്നു പ്രത്യേക പരിശീലനം നൽകിയ 70 വനിതകളുടെ നേതൃത്വത്തിൽ 17 മുതൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കും. മാലിന്യ നിർമ്മാർജ്ജനവും അനുബന്ധസേവനങ്ങളും സംബന്ധിച്ച് മൂന്ന് ദിവസത്തെ പരിശീലനമാണ് നൽകിയത്. കുടുംബശ്രീ ജില്ലാ മിഷൻ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അടുക്കളത്തോട്ടം ഉൾപ്പടെയുള്ള ചെറുകിട പച്ചക്കറി കൃഷികൾക്കും ഇവർ നേതൃത്വം നൽകും.
നഗരസഭയുടെ കീഴിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഷെഡ്രിംഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും അംഗങ്ങളെ വിന്യസിക്കും. പ്രത്യേക യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകും.

വേസ്റ്റ് മാനേജ്‌മെന്റ് ഫണ്ട്

ശുചിത്വപരിപാലനവുമായി ബന്ധപ്പെട്ട് വ്യാപാരികളിൽ നിന്നു മറ്റും ലഭിക്കുന്ന പിഴയും മറ്റ് ഫീസുകളും ചേർത്ത് വേസ്റ്റ് മാനേജ്‌മെന്റ് ഫണ്ടുണ്ടാക്കും. 51 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ വില്ക്കുന്നവരിൽ നിന്ന് പിഴയും അതിന് മുകളിലുള്ള കവറുകൾ വില്ക്കുന്നവരിൽ നിന്ന് സർക്കാർ നിർദ്ദേശപ്രകാരമുള്ള പ്രതിമാസ ഫീസും വാങ്ങും. ഹോട്ടലുകളിലെ മാലിന്യസംസ്‌കരണത്തിന് വ്യാപാരികളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കും. ഇങ്ങനെ ലഭിക്കുന്ന തുക ശുചീകരണ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.

ശുചീകരണ പദ്ധതിയിലൂടെ നഗരസഭാ പരിധിയിലെ വനിതകൾക്ക് തൊഴിലവസരം ഒരുങ്ങുകയാണ്. പ്രതിമാസം 5000 രൂപ വീതം ശമ്പളം നൽകും.

മോഹൻദാസ് (ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)