കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുനക്കര - പമ്പ ദേവസ്വം ബോർഡ് ബസിനെ കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായി. നിരവധി അയ്യപ്പഭക്തരുടെ ആശ്രയമായിരുന്ന ബസ് ഇപ്പോൾ എവിടെയുണ്ടെന്ന് ചോദിച്ചാൽ ബന്ധപ്പെട്ടർ പോലും കൈമലർത്തും. അറ്റകുറ്റപ്പണികൾക്കായി ബോർഡ് ആസ്ഥാനത്തേക്ക് കൊണ്ടുപോയ ബസ് വിറ്റെന്നാണ് പുറത്തു വരുന്ന വിവരം. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്ന് രാത്രിയിലായിരുന്നു ബസ് സർവീസ് നടത്തിയിരുന്നത്. മണ്ഡലകാലത്തിനു പുറമെ നടതുറക്കുന്ന ദിവസങ്ങളിലും നേരത്തേ സർവീസ് ഉണ്ടായിരുന്നു. യാത്രാ നിരക്ക് കൂടുതലാണെങ്കിലും പമ്പ ഗണപതി കോവിലിന് സമീപം വരെ ബസ് ചെല്ലുമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് പമ്പ സ്റ്റാൻഡ് വരെയാണ് സർവീസ് നടത്തിയിരുന്നത്. മറ്റു ദിവസങ്ങളിൽ വാടകയ്ക്കു നൽകിയിരുന്ന ബസിൽ നിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. പുലർച്ചെ നിർമ്മാല്യദർശനത്തിന് സന്നിധാനത്ത് എത്തുന്ന വിധത്തിലായിരുന്നു ബസ് സർവീസ്. മാസപൂജയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് കോട്ടയത്ത് നിന്നില്ലാത്തതിനാൽ സ്ഥിരമായി ശബരിമലയ്ക്ക് പോകുന്നവർക്ക് ഇത് അനുഗ്രഹമായിരുന്നു. സ്വന്തമായി ബസുകളൊന്നും ബോർഡിനില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഈ മണ്ഡല സീസണിൽ ബോർഡ് സ്വന്തമായോ വാടകയ്ക്കോ തിരുനക്കര - പമ്പ സർവീസ് ആരംഭിക്കണമെന്ന് തിരുനക്കര ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ടി.സി.രാമാനുജം പറഞ്ഞു.