ചങ്ങനാശേരി : കാതടിപ്പിക്കുന്ന വിധം എൻജിൻ എരപ്പിച്ച് ഉച്ചത്തിൽ ഹോൺമുഴക്കി ചീറിപ്പായുന്ന ഫ്രീക്കന്മാർ ജാഗ്രതൈ! നിങ്ങളുടെ പിന്നാലെ പൊലീസ് കാണും. ചങ്ങനാശേരി താലൂക്ക് റസിഡന്റ്‌സ് വെൽഫെയർ ചാരിറ്റബിൾ അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി നടത്തിയ യോഗത്തിലാണ് നിർണായക തീരുമാനങ്ങളെടുത്തത്. ഹെൽമെറ്റ് ഇല്ലാതെയും ട്രിപ്പിൾ യാത്ര ചെയ്യുന്നവരെയും പിടികൂടും. ലൈസൻസ് ഇല്ലാതെ കുട്ടികൾക്ക് ഇരുചക്രവാഹനങ്ങൾ കൊടുത്തു വിടുന്ന മാതാപിതാക്കളുടെ പേരിൽ നടപടി സ്വീകരിക്കും. മോഷണങ്ങൾ തടയുന്നതിന് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. സി.ഐ കെ.പി വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എസ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ലക്ഷ്മണൻ, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജോസഫ് കൈനിക്കര, കുറിയാക്കോസ്, ഷിബിലി, ഇസ്‌മെയിൽ പാറയ്ക്കൽ, പി.ജെ. ഗോപാലൻ, ബഷീർ, ഇബ്രാഹീം ഷംസുദ്ദീൻ, നിസാം യുസഫ്, ബെന്നിച്ചൻ, ഷാജി വാണിയപുരയ്ക്കൻ, സ്‌കറിയാ ആന്റണി വലിയപറമ്പിൽ, സിറിയക്, പൊന്നപ്പൻ, നിസ്സാർ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.