കോട്ടയം: ഉത്തരേന്ത്യൻ ടൂറിസ്റ്റുകളുടെ തിരക്ക് കാരണം ദീപാവലിത്തലേന്ന് നിന്നു തിരിയാൻ കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ വർഷം വരെ കുമരകത്തിന്. പക്ഷേ, വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങൾ ശിക്കാരവള്ളങ്ങളിൽ കയറി കായൽ കാഴ്ചകാണാൻ പോയതല്ലാതെ കുമരകം ഇപ്പോൾ നിർജീവമാണ്. നിപ്പയും പ്രളയവും ശബരിമല വിഷയങ്ങളുമെല്ലാം തുടരെ ടൂറിസത്തെ പിന്നോട്ടടിക്കുമ്പോൾ നല്ലനാളുകൾ സ്വപ്നംകാണാനേ ഇവർക്കാകുന്നുള്ളൂ.
കോഴിക്കോട് ജില്ലയിലായിരുന്നു നിപ്പ വില്ലനായതെങ്കിലും ജില്ലയിലെ ടൂറിസത്തെ വരെ ബാധിച്ചു. സഞ്ചാരികൾ ഒന്നടങ്കം ട്രിപ്പ് ക്യാൻസൽ ചെയ്തു. ജൂൺ, ജൂലായ് മാസങ്ങളിൽ കുമരകത്തേയ്ക്ക് ഒഴുകിയിരുന്ന അറബികളും എത്തിയില്ല. വീണ്ടും ഉണർന്ന് തുടങ്ങിയപ്പോഴേയ്ക്കും ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പ്രളയം തകർത്തു തരിപ്പണമാക്കി. കുമരകം മുഴുവൻ വെള്ളത്തിലായി.ഹൗസ് ബോട്ടുകൾ കെട്ടിയിട്ടും റിസോർട്ടുകൾ പൂട്ടിയിട്ടും ഉടമകളെല്ലാം ജീവനുംകൊണ്ട് പാഞ്ഞു. പിന്നെ ഹൗസ് ബോട്ടുകൾ പെയിന്റടിച്ചും റിസോർട്ടിലെ ചെളിനീക്കിയും പൂജയ്ക്കായി കാത്തിരുന്നപ്പോഴാണ് ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടത്. കേരളത്തിൽ കലാപമാണെന്ന പ്രചാരണം കൂടി വന്നതോടെ ഒരാളുംവരാതെയായി. ദീപാവലിക്ക് കുമരകത്ത് ഹൗസ് ബോട്ടുകൾക്കൊന്നും ബുക്കിംഗില്ല.
ബോട്ടുകൾ കെട്ടിയിട്ടിട്ട് നാല് മാസം
ആഷാഡം ബോട്ടുടമ മനോജിന് ഓട്ടം കിട്ടിയിട്ട് മൂന്ന് മാസത്തോളമായി. ഹൗസ് ബോട്ടുകൾ കവണാറ്റിൻകര പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുകയാണ്. ജീവനക്കാരായ രതീഷും ബിജുവും അഭിലാഷും ശ്യാമുമൊക്കെ ജോലിയില്ലാതെ കഷ്ടത്തിലാണ്. കഴിഞ്ഞ ദീപാവലിക്ക് കുമരകത്തെ ബോട്ടുകൾ തികയാതെ മറ്റുസ്ഥലങ്ങളിലേയ്ക്ക് സഞ്ചാരികളെ അയച്ചിരുന്നെങ്കിൽ ഇക്കുറി എല്ലാ ബോട്ടുകളും കായലിനോട് ചേർന്ന് കിടപ്പുണ്ട്. സഞ്ചാരികൾ വരുമ്പോൾ ലോട്ടറി വിൽപ്പനക്കാരൻ മുതൽ റിസോർട്ടുകാർ വരെയുള്ളവർക്കാണ് നേട്ടം. അതുകൊണ്ട് തന്നെ ഇവർക്ക് പോയ പ്രതാപം തിരിച്ചുപിടിച്ചേ പറ്റൂ.
''പന്ത്രണ്ടോളം കുടുംബങ്ങളാണ് എന്റെ ബോട്ടുകൊണ്ട് കഴിയുന്നത്. മുൻപ് മാസത്തിൽ 25 ദിവസവും ബുക്കിംഗുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ ദിവസം ഓട്ടംകിട്ടിയാൽ ഭാഗ്യമെന്ന അവസ്ഥയിലേയ്‌ക്കെത്തി. തുടർച്ചയായുണ്ടായ പ്രശ്‌നങ്ങൾ മൂലം വിനോദ സഞ്ചാരികൾ ഇങ്ങോട്ടേയ്‌ക്കെത്താൻ മടിക്കുകയാണ്.
(മനോജ് , ഹൗസ് ബോട്ടുടമ)
''ഹൗസ് ബോട്ടുകളിലേയ്ക്കും റിസോർട്ടുകളിലേയ്ക്കും വേണ്ട മുഴുവൻ സാധനങ്ങളും ഇവിടെ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോഴത്തെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. 20 ശതമാനം കച്ചവടമാണ് ടൂറിസത്തിനേറ്റ തിരിച്ചടിമൂലം നഷ്ടമായത്. ശരാശരി ഒരു ദിവസം 20 മുതൽ 30വരെ അറബ് കുടുംബങ്ങൾ ഇവിടെ എത്തുമായിരുന്നു. വിലകൂടിയ ചോക്‌ളേറ്റും ബിസ്‌കറ്റുമൊക്കെയായിരുന്നു അവർക്ക് ഏറ്റവും പ്രിയം. ഇനി എന്ന് എല്ലാം ശരിയാകുമെന്ന് ഉറപ്പില്ല''
ജോഷി, സൂപ്പർമാർക്കറ്റ് ഉടമ
'' പ്രളയത്തിൽ വീടുമുഴുവൻ വെള്ളത്തിലായി. ആകെയുണ്ടായിരുന്നത് ഹൗസ് ബോട്ടിലെ ജോലിയാണ്. സാഹചര്യം വളരെ മോശമാണ്''.
ബിജു, ഹൗസ് ബോട്ട് ജീവനക്കാരൻ
'' കവണാറ്റിൻകരയിൽ 35 ടാക്‌സി കാറുകളാണുള്ളത്. ആർക്കും ഓട്ടമില്ല. ഹൗസ് ബോട്ടിൽ ആളെത്തിയാലെ ഞങ്ങളെപ്പോലുള്ള ടാക്‌സി ഡ്രൈവർമാർക്കും ഓട്ടം കിട്ടൂ. പലരുടേയും വണ്ടിയുടെ ലോണും മറ്റും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
ദിലീപ്, ടാക്‌സി ഡ്രൈവർ