comfortstation

വൈക്കം : മണ്ഡലമകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം. പക്ഷേ ജില്ലയിലെ പ്രധാന ഇടത്താവളമായ വൈക്കം ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിലാണ്. പലനാടുകളിൽ നിന്നുള്ള തീർത്ഥാടകർ ആദ്യമെത്തുക വടക്കേ ഗോപുരനടയിലാണ്. അവിടെ തന്നെയുണ്ട് വൃത്തിഹീനതയുടെ നേർക്കാഴ്ചയായി ദേവസ്വം ബോർഡിന്റെ കംഫർട്ട് സ്റ്റേഷൻ. വടക്കേനടയിലെ ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ മൂന്ന് വർഷം മുൻപാണ് പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു നീക്കി പുതിയത് നിർമ്മിച്ചത്. ബാത്ത് റൂം, ടോയ്ലറ്റ്, വാഷ് റൂം, ഫീഡിംഗ് റൂം, ക്ലോക്ക് റും, ചെരുപ്പ് സൂക്ഷിക്കുന്ന കൗണ്ടർ എന്നിവയുൾപ്പെട്ടതാണ് കംഫർട്ട് സ്റ്റേഷൻ. ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് കമ്മറ്റി ദേവസ്വത്തിന് സമർപ്പിച്ച 40 ലക്ഷത്തിലേറെ രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ക്ഷേത്രോപദേശക സമിതിക്കാണ് നടത്തിപ്പ് ചുമതല. ഇവിടെ നിന്നുള്ള വരുമാനവും പൂർണ്ണമായും ഉപദേശക സമിതിക്കുള്ളതാണ്. അതോടൊപ്പം കംഫർട്ട് സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ഉപദേശകസമിതിക്കാണ്. ക്ഷേത്രോപദേശക അഡ്ഹോക്ക് കമ്മറ്റിയാണ് നിലവിലുള്ളത്. വരുമാനം എടുക്കുന്നതല്ലാതെ കംഫർട്ട് സ്റ്റേഷനിൽ മെയിന്റനൻസോ ക്ലീനിംഗോ നടത്താൻ കമ്മറ്റിക്ക് തീരെ താത്പര്യമില്ലെന്നാണ് പരക്കെ ഉയരുന്ന ആരോപണം. സ്റ്റേഷൻ പരിപാലിക്കുന്നതും നിരുത്തരവാദപരമായാണ്. ഫീഡിംഗ് റൂമിൽ കുട്ടികളെ കിടത്തുന്നതിനുള്ള തേക്കിൽ പണിത തൊട്ടിലിൽ നിലം തുടയ്ക്കുന്ന തുണികളാണ് കാണാനാവുക. കെട്ടിടത്തിനുള്ളിൽ പലയിടത്തും ചിതൽ കയറി തുടങ്ങി. ചുവരിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കടക്കമുള്ള ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമാണ്. വരുമാനം ഉപദേശകസമിതിക്ക് ലഭിക്കുമ്പോഴും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് ദേവസ്വം ബോർഡാണ്. കഴിഞ്ഞ വർഷവും ബോർഡ് അതിനായി അഞ്ച് ലക്ഷത്തോളം രൂപമുടക്കി. ഇത്തവണയും ദേവസ്വംബോർഡ് ടെണ്ടർ വിളിച്ചിട്ടുണ്ട്. നഗരത്തിൽ മറ്റ് പൊതു ടോയ്ലറ്റുകൾ ഇല്ലാത്തതിനാൽ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ടോയ്ലറ്റുകൾ മാത്രമാണ് തീർത്ഥാടകർക്ക് ആശ്രയം. പാർക്കിംഗിന് പണം കംഫർട്ട് സ്റ്റേഷനോടനുബന്ധിച്ചുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതും ഉപദേശകസമിതി തന്നെയാണ്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രം പാർക്കിംഗ് ഗ്രൗണ്ട് ലേലം ചെയ്ത് നൽകും. പക്ഷേ അപ്പോഴും കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള വരുമാനം ഉപദേശക സമിതിക്കാണ്.