കോട്ടയം: ഇളയദളപതിയുടെ ചിത്രമായ 'സർക്കാർ '' ഇന്നലെ തിയേറ്ററുകളിൽ തരംഗമായപ്പോഴും കോട്ടത്തെ വിജയ് ഫാൻസ് അസോസിയേഷനുകാർ കട്ടൗട്ടും പാലഭിഷേകവും വാദ്യമേളങ്ങളുമൊന്നും നടത്തിയില്ല. അവർ ചങ്ങനാശേരിയിലെ കതിർമണ്ഡപത്തിൽ വധുവായ മോനിഷയെ വരൻ സിബിക്ക് കൈപിടിച്ച് കൊടുക്കുന്ന തിരക്കിലായിരുന്നു. സർക്കാരിന്റെ റിലീസ് ആഘോഷത്തിനായി കരുതിയ പണം സ്വരുക്കൂട്ടി കോട്ടയം ഗാന്ധിനഗറിലെ അഭയമന്ദിരമായ സാന്ത്വനത്തിലെ അന്തേവാസിയായിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശി കെ.എം. മോനിഷയുടെ വിവാഹം നടത്തി വിജയ് ആരാധകർ നാട്ടുകാരുടെ ഹൃദയത്തിലേറി. ചങ്ങനാശേരി ചീരംചിറ മണ്ണാത്തിപറമ്പിൽ സിബി - ഉഷ ദമ്പതികളുടെ മകനാണ് സിബി. വിവാഹച്ചെലവിന് മാത്രം ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവായി. മൂന്ന് പവൻ സ്വർണവും ഫാൻസുകാർ തന്നെ നൽകി. വിജയ് സിനിമ റിലീസാകുന്ന ദിവസം തന്നെ മോനിഷയുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തിൽ ഒരു മാസമായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഫാൻസ് അസോസിയേഷൻ. പലരും അധികജോലി ചെയ്തും പണം കണ്ടെത്തുകയായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. വിവാഹം കഴിഞ്ഞെത്തിയ നവദമ്പതികൾക്ക് ഉച്ചയോടെ കോട്ടയം അനുപമ തിയേറ്ററിൽ ആരാധകരുടെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കി. വധൂവരന്മാർ കേക്ക് മുറിച്ച് ആരാധകരോടൊപ്പം സിനിമയുടെ വിജയം ആഘോഷിച്ചു. നാളത്തെ ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്താണ് അവർ വീട്ടിലേക്ക് മടങ്ങിയത്.
ഭർത്താവിന്റെ അമിത മദ്യപാനം കുടുംബം തകർത്തതോടെ മക്കളായ മോനിഷയെയും മഹേഷിനെയും മനീഷിനെയും കൂട്ടി എട്ട് വർഷങ്ങൾക്ക് മുമ്പാണ് മോനിഷയുടെ അമ്മ രാധാമണി ഗാന്ധിനഗറിലെ സാന്ത്വനം ട്രസ്റ്റിലെത്തിയത്. രണ്ട് ആൺമക്കളെ എറണാകുളത്തുള്ള അനാഥ മന്ദിരത്തിലേക്കും മാറ്റി. ട്രസ്റ്റിന്റെ സഹായത്തോടെ മാന്നാനം കെ.ഇ കോളേജിൽ നിന്ന് മോനിഷ പഠനം പൂർത്തിയാക്കി. അവധിസമയത്ത് ക്ഷേത്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും വച്ചായിരുന്നു അമ്മയും മക്കളും ഒത്തുചേരുന്നത്. ഇത് അറിഞ്ഞ ഒരു നാട്ടുകാരൻ മോനിഷയ്ക്ക് വീട് നിർമ്മിക്കുന്നതിന് ചങ്ങനാശേരിയിൽ മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി. തുടർന്ന് മോനിഷ പഠിച്ച മാന്നാനം കെ.ഇ കോളേജ് അധികൃതർ വീട് നിർമ്മിച്ച് നൽകി. ഇപ്പോൾ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുകയാണ് മോനിഷ.
'' സർക്കാർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള ചർച്ചയിൽ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം നടത്താൻ തീരുമാനിച്ചു. തുടർന്ന് കോട്ടയത്തെ വിവിധ അഭയമന്ദിരങ്ങളിൽ അന്വേഷിച്ചപ്പോൾ സാന്ത്വനം ട്രസ്റ്റിലെ അന്തേവാസിയായിരുന്ന മോനിഷയെ കുറിച്ച് അറിഞ്ഞു ''
-ലിജോ മാർക്കോസ്
വിജയ് ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി