praveen-

കോട്ടയം: രാത്രി ബൈക്കപ‌കടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽകിടന്ന യുവാക്കൾ ആശുപത്രിയിൽ മരിച്ചു. കറുകച്ചാൽ ചേലകൊമ്പ് പടിഞ്ഞാറേ പുത്തൻപറമ്പിൽ ജോസഫിന്റെ മകൻ പ്രവീൺ (27), ക്രൂതപ്പള്ളി കുറ്റിക്കൽ കോളനിയിൽ ഹരിയുടെ മകൻ ഹരീഷ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുല‌ർച്ചെ രണ്ടു മണിയോടെ കറുകച്ചാൽ നത്തല്ലൂർ ദേവീക്ഷേത്രത്തിനു സമീപം റോഡരികിലെ കാണിക്കവഞ്ചിയിൽ ഇടിച്ചാണ് ബൈക്ക് മറിഞ്ഞത്. മൂന്നരയോടെ ഇതുവഴി വന്ന പൊലീസ് പട്രോളിംഗ് സംഘം രക്തം വാർന്ന് കിടന്ന യുവാക്കളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ചിരുന്ന ഹരീഷ് നാല് കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രവീണിന്റെ മാതാവ്: റോസമ്മ. സഹോദരങ്ങൾ: പ്രിൻസി, പ്രിന്റി , പ്രീത. ഹരീഷിന്റെ മാതാവ്: അമ്പിളി. സഹോദരി: ഹരിത.