കോട്ടയം: അശ്രദ്ധയും അമിത വേഗവും നിരത്തുകളെ വീണ്ടും ചോരക്കളമാക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ ജില്ലയിലുണ്ടായത് ഏഴ് അപകട മരണങ്ങളാണ്. വലിയ വാഹനങ്ങളുടെ അമിത വേഗത്തിന് ഇരയായി മരിച്ചവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇന്നലെ കറുകച്ചാലിലും രണ്ടുപേർ മരിച്ചു. പൊലീസ് മുക്കിനു മുക്കിനു പരിശോധന നടത്തിയിട്ടും അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നില്ല.

ജീവിതത്തിന് ചുവപ്പ് കാർഡ്

തുടർച്ചയായ മൂന്നാം ദിവസമാണ് ജില്ലയിൽ വാഹന അപകടവും മരണവും ഉണ്ടാകുന്നത്. തിങ്കളാഴ്‌ച കല്ലറ പെരുന്തുരുത്തു വായനശാലയ്ക്കു സമീപം ടിപ്പർ ലോറിയ്ക്കു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിയായ ചേർത്തല സ്വദേശി മേഘ , ഞായറാഴ്‌ച തെങ്ങണ നാലുനാക്കൽ പള്ളിക്കു സമീപം കണ്ണൻചിറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തൃക്കൊടിത്താനം സ്വദേശി അരുൺ, കുമരകത്ത് സ്‌കൂട്ടർ യാത്രക്കാരനായ ചെങ്ങളം സ്വദേശി ജോസ്, 31 ന് സ്വകാര്യ ബസ് ഇടിച്ച് വടവാതൂർ സ്വദേശി ലിസി, ഒന്നിന് ഏറ്റുമാനൂരിലുണ്ടായ അപകടത്തിൽ പട്ടിത്താനം സ്വദേശി രാജു... എന്നിങ്ങനെ പേകുന്നു റോഡിൽ പൊലിഞ്ഞ ജീവിതങ്ങൾ.

നാഗമ്പടത്തുണ്ടായ രണ്ട് അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുറിച്ചി മള്ളൂശേരി വിവേക് അപകട നില തരണം ചെയ്‌തിട്ടില്ല. നഗരമദ്ധ്യത്തിൽ ഞായറാഴ്‌ച നിയന്ത്രണം വിട്ട കാർ റോഡരികിലേയ്‌ക്ക് പാഞ്ഞു കയറി മൂന്നു പേർക്കാണ് പരിക്കേറ്റത്.