കോട്ടയം: നെഹൃട്രോഫി സ്വന്തമാക്കാൻ കോട്ടയത്തു നിന്ന് അഞ്ചു ചുണ്ടൻ വള്ളങ്ങൾ ഈ ശനിയാഴ്ച പുന്നമടക്കായലിൽ നയമ്പെറിയും. നെഹൃട്രോഫിയിൽ നിരവധി റെക്കാഡുകൾ എഴുതിച്ചേർത്ത കാരിച്ചാൽ ചുണ്ടനുമായി കുമരകം ബോട്ട്ക്ലബ്ബ്, നടുഭാഗം ചുണ്ടനുമായി ടൗൺബോട്ട് ക്ലബ്ബ്, ദേവാസ് ചുണ്ടനിലേറി കുമരകം വേമ്പനാട് ബോട്ട്ക്ലബ് .ചമ്പക്കുളം ചുണ്ടനിൽ എൻ.സി.ഡി.സി ബോട്ട് ക്ലബ് ,ശ്രീ വിനായകനിൽ നവധാര ബോട്ട് ക്ലബ്ബ് എന്നിവയാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.
അഞ്ച് ഹീറ്റ്സിൽ മികച്ച സമയം കണ്ടെത്തുന്ന നാലു ചുണ്ടനുകൾക്കാണ് നെഹൃട്രോഫി ഫൈനലിൽ മത്സരിക്കാൻ കഴിയുക. ബോണസ് തുകയ്ക്കും മികച്ച സമയം വച്ചിട്ടുണ്ട്.
വള്ളം കളി മാറ്റിയെങ്കിലും വീണ്ടു മത്സരിക്കണമെങ്കിൽ തീവ്രപരിശീലനം വേണം. കടബാദ്ധ്യത കാരണം വഴിപാട് പരിശീലനമാണ് ക്ലബ്ബുകൾ നടത്തിയത്.വള്ളങ്ങൾ കരയ്ക്കു കയറ്റി മീനെണ്ണയും വാർണീഷും പുരട്ടി ഇനി മിനുക്കുപണിനടത്തണം. ശനിയാഴ്ച രാവിലെ ബോട്ടിൽ കെട്ടിവലിച്ചാണ് ചുണ്ടൻ വള്ളങ്ങൾ പുന്നമടയിലെത്തിക്കുക.
നെഹ്റുട്രോഫി വളളംകളി അവസാന നിമിഷം മാറ്റിയത് കുമരകത്തെ ബോട്ട് ക്ലബുകൾക്ക് ലക്ഷങ്ങളുടെ അധിക സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിയത്. ഒരു ദിവസത്തെ പരിശീലനത്തിന് ഒന്നരലക്ഷം രൂപ വരെയാണ് ഒരു ചുണ്ടൻ വള്ളത്തിന് ചെലവ്.വന്നത്. കുമരകത്തുനിന്നുള്ള അഞ്ച് ബോട്ട് ക്ലബ്ബുകൾ നേരത്തേ രണ്ടാഴ്ചയോളം തീവ്ര പരിശീലനം നടത്തിയിരുന്നു. ഒരു ക്ലബ്ബിന് 15 ലക്ഷം രൂപ വരെ ചെലവ് വന്നു. പട്ടാളക്കാരും അന്യസംസ്ഥാനക്കാരും കനായിംഗ്, കയാക്കിംഗ് താരങ്ങളും കുമരകത്തെ നാല് ടീമിലുമുണ്ടായിരുന്നു. വള്ളംകളി നീട്ടിവച്ചതോടെ അവധി പ്രശ്നം കാരണം പട്ടാളക്കാരെ കിട്ടിയില്ല . അതിനാൽ പകരം തുഴച്ചിൽകാരെ കണ്ടെത്തേണ്ടിവന്നു.
അധികബാദ്ധ്യത സർക്കാർ നികത്താമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും തന്നില്ല. . ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതയിലായ ക്ലബ്ബുകൾക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല .
അജയഘോഷ്
(പ്രസിഡന്റ് , വേമ്പനാട്ട് ബോട്ട് ക്ലബ്ബ് കുമരകം)