പാലാ: തണൽവീശി വൻമരങ്ങൾ... ചില്ലകളിൽ പക്ഷികളുടെ പാട്ട്... ചുറ്റുവട്ടത്ത് കളകളാരവം പൊഴിച്ചൊഴുകുന്ന ളാലം തോട്... മുതിർന്ന പൗരന്മാർക്കായി 'സായംപ്രഭ' ഒരുങ്ങിയത് ഇവിടെയാണ്; നഗരഹൃദയത്തിലാണെങ്കിലും തിരക്കുകളൊന്നും ബാധിക്കാത്ത ഓപ്പൺസ്റ്റേജിലും പരിസരത്തും. ഇതിനു നിമിത്തമായത് ശുഭ്രവസ്ത്രത്തിന്റെ വെണ്മയോടെ പാലായിലെ തിരക്കുകളിൽ കണ്ടുമുട്ടുന്ന രവി പാലായെന്ന മുൻ മുനിസിപ്പൽ കമ്മീഷണറും.
മുതിർന്ന പൗരർക്കായി സായംപ്രഭ തയ്യാറാക്കാൻ പാലാ നഗരസഭ കണ്ടെത്തിയത് മനോഹരമായ ഓപ്പൺ സ്റ്റേജാണ്. ഒരുമാസം മുമ്പു വരെ ഇവിടെ ആകെ കാടും പടലവും. ഓപ്പൺ സ്റ്റേജിന്റെയും പരിസരപ്രദേശങ്ങളുടെയും ചിത്രമെടുത്ത് രവി പാലാ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ഡോ. സെലിൻ റോയി തകടിയേലിന് കാട്ടികൊടുത്തു. കാടും പടലും തെളിച്ചാൽ മുതിർന്ന പൗരർക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന സായംപ്രഭ പദ്ധതി ഇവിടെ ആരംഭിക്കാൻ കഴിയുമെന്ന രവി പാലായുടെ നിർദ്ദേശം ചെയർപേഴ്‌സൺ അംഗീകരിക്കുകയായിരുന്നു.
പിന്നെ വൈകിയില്ല കാടും പടലും നീക്കി ഇവിടം മനോഹരമാക്കി. ഉദ്യാനബഞ്ചുകളിട്ടു. അമ്പതോളം കസേരകൾ നിരന്നു. ഒപ്പം വൈദ്യുതി കണക്ഷനുമെത്തി. മീറ്റിങ്ങുകൾക്കും റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്കും ഇവിടം സൗജന്യമായി വിട്ടുനൽകാനാണ് നഗരസഭാ തീരുമാനം. സായംപ്രഭ മനോഹരതീരത്തിന്റെ താൽക്കാലിക ചുമതല രവിപാലായ്ക്കു നൽകുകയും ചെയ്തു.
മുതിർന്ന പൗരർക്ക് രണ്ടുനേരം സൗജന്യ ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സായംപ്രഭ ഇൻചാർജ്ജ് രവി പാലാ പറഞ്ഞു. പ്രായമായവർക്ക് സൊറ പറഞ്ഞിരിക്കാനും വിനോദപരിപാടികളിൽ ഏർപ്പെടാനും തക്കവണ്ണം സായംപ്രഭയെ കൂടുതൽ മനോഹരമാക്കും.
കെ.എം. മാണി എം.എൽ.എ സായംപ്രഭയുടെ ഉദ്ഘാടനം നിർവഹിച്ചു. രവി പാലായെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ഡോ. സെലിൻ റോയി തകടിയേൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മധു, ബിജി ജോജോ കുടക്കച്ചിറ, അഡ്വ. ബിനു പുളിക്കക്കണ്ടം, ബെന്നി മൈലാടൂർ, സിബിൽ തോമസ്, റോയ് ഫ്രാൻസിസ്, ലൂസി ജോസ്, മിനി പ്രിൻസ് തുടങ്ങിയവർ ആശംസകൾ നേർന്നു.