കോട്ടയം: പാഴാകുന്നത് ലക്ഷങ്ങൾ, ഇപ്പോൾ അതിനപ്പുറം അപകടഭീഷണിയും. പറഞ്ഞുവരുന്നത്
മണർകാട് - കിടങ്ങൂർ റൂട്ടിൽ റോഡരികിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ പറ്റിയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ പൈപ്പ് ലൈനുകൾ കാടുകയറി നശിക്കുകയാണ്.
മണർകാട് മാലം കോളേജ്, മാലം പാലം എന്നിവിടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുലൈനുകളാണ് കാട്ടുവള്ളികൾ പടർന്നു കയറിയും തുരുമ്പെടുത്തും നശിക്കുന്നത്. പെരുമാനൂർകുളം മുതൽ അരീപ്പറമ്പ് വരെ സ്ഥാപിക്കാനായി ഒരു വർഷം മുമ്പാണ് പൈപ്പുലൈനുകൾ എത്തിച്ചത്. നൂറുകണക്കിന് കാൽനടയാത്രക്കാരും വിദ്യാർത്ഥികളും നടന്നു പോകുന്ന നടപ്പാതയിലാണ് പൈപ്പ് ലൈനുകൾ ഉപേക്ഷിച്ചിരിക്കുന്നത്. ഇതുമൂലം അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾക്കിടിയിലൂടെ ആളുകൾക്ക് ജീവൻ പണയം വച്ച് നടക്കേണ്ട അവസ്ഥയാണ്. അപകടവളവുകൂടിയായ ഈ ഭാഗത്തുകൂടി ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാവിലെയും ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.
തീരാത്ത തർക്കം
ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ പദ്ധതി പ്രകാരമാണ് പൈപ്പുകൾ എത്തിച്ചത്. എന്നാൽ ജലഅതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം മൂലം ശുദ്ധ ജല പദ്ധതി ഇഴയുകയാണ്. റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കണമെങ്കിൽ ജലഅതോറിട്ടി പൊതുമരാമത്ത് വകുപ്പിലേക്ക് ലക്ഷങ്ങൾ അടയ്ക്കണം. ഇതു സംബന്ധിച്ച് ധാരണയിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുൻപ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തീരുമാനം എടുത്തെങ്കിലും ഫലം കണ്ടില്ല.