തലയോലപ്പറമ്പ്: ഇനിയും കാത്തിരിക്കേണ്ടി വരുമോ?... ചെമ്പ് നിവാസികൾ ഒരേ സ്വരത്തിൽ ചോദിക്കും. കാരണം ഈ നാട്ടുകാരുടെ ദുരിതം അത്രമേലാണ്. മുറിഞ്ഞപുഴ - വാലേൽ പാലം യാഥാർത്ഥ്യമാകാൻ കാത്തിരിക്കുകയാണ് ഒരു നാടാകെ. ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനമായ ബ്രഹ്മമംഗലത്തേയും കായലോര പ്രദേശമായ മുറിഞ്ഞപുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മുറിഞ്ഞപുഴ - വാലേൽ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പതിറ്റാണ്ടുകളായി ബ്രഹ്മമംഗലത്തും ചെമ്പിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവരും മൂവാറ്റുപുഴയാറിന്റെ അക്കരെയിക്കരെ എത്താൻ പഞ്ചായത്തുവക കടത്തിനെയാണ് ആശ്രയിക്കുന്നത്.പാലത്തിന് പല തവണ ഫണ്ടനുവദിച്ചിട്ടും സാങ്കേതിക കാരണങ്ങളിൽ കുടുങ്ങി നിർമാണം തുടങ്ങാനായില്ല.പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ബ്രഹ്മമംഗലത്താണ് പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, സർക്കാർ ആശുപത്രി എന്നിവ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ ചെമ്പിലാണ് വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത് .സർക്കാർ ഓഫീസുകളിൽ എത്തി ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് ഒരു പഞ്ചായത്തിലെ തന്നെ ഇരുകരകളിലുമുള്ള നൂറുകണക്കിനാളുകൾ.
18 കോടി
ഇപ്പോൾ പാലത്തിനും അനുബന്ധറോഡിനുമായി കിഫ്ബി 18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വാലേൽ പാലവും റോഡും യാഥാർഥ്യമായാൽ പ്രദേശവാസികൾക്ക് കേവലം രണ്ട് കിലോമീറ്റർ സഞ്ചരിച്ച് മുറിഞ്ഞപുഴയിലെത്തി എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യാം.