snake

കോട്ടയം: ഒരു ചേര മതി യാത്ര മുടങ്ങാനെന്ന് പുതിയ പഴഞ്ചല്ലു പാടേണ്ട അവസ്ഥയിലാണ് റെയിൽവെ. വൈക്കം റോഡിൽ ട്രെയിനിന് മുകളിലേയ്ക്ക് വീണ ചേര മൂലം ട്രെയിൻ യാത്രക്കാർ വലഞ്ഞതിന് കൈയും കണക്കുമില്ല. ദീപാവലി അവധികഴിഞ്ഞ് ഓഫീസിലേയ്ക്കും മറ്റും പോകാൻ നിന്നവർക്കും പാമ്പ് പണികൊടുത്തു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേയ്ക്ക് എത്തുമ്പോഴാണ് ഇന്നലെ രാവിലെ ദിബ്രൂഗഡ് -കന്യാകുമാരി വിവേക് എക്‌സ്‌പ്രസിന്റെ മുകളിലേയ്ക്ക് പാമ്പ് വീണത്. കറണ്ടടിച്ച് സ്പോട്ടിൽ തീർന്ന പാമ്പ് നേരെ ലോക്കോ പൈലറ്റിന്റ ക്യാബിനിലേയ്ക്ക് തെറിച്ചു വീണു. പെട്ടെന്ന് ക്യാബിനിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാരും അലറിവിളിച്ചു. പക്ഷേ, പണി അവിടെ തീർന്നില്ല. പാമ്പ് വീണ് ട്രെയിനിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. ശരിയാക്കാൻ ആള് വരേണ്ടത് കോട്ടയത്ത് നിന്ന്. ഇതോടെ എല്ലാ ട്രെയിനും പിടിച്ചിടാൻ തുടങ്ങി. കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ കാത്ത് നിന്നവരുടെ എണ്ണം കൂടി. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പതിവുയാത്രക്കാരുമെല്ലാം ഒരുപോലെ പെട്ടു. ദീപാവലി അവധി കഴിഞ്ഞ ദിവസമായതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരുന്നു. ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് , തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമ്മു, എറണാകുളം - കായങ്കുളം പാസഞ്ചർ, പരശുറാം, ശബരി എക്‌സ്പ്രസുകളെല്ലാം അര മണിക്കൂ‌ർ വരെ വൈകിയോടി. ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂറും, കൊല്ലം - എറണാകുളം മെമ്മു 25 മിനിറ്റും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.