bus

കോട്ടയം: നവംബർ മുതൽ സ്കൂൾ ബസുകളിൽ ജി.പി.എസ് (ഗ്ളോബൽ പൊസിഷനിംഗ് സിസ്റ്റം)​ ഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം ജില്ലയിൽ നടപ്പായില്ല. അംഗീകാരമുള്ള കമ്പനികൾ ജില്ലയിലില്ലെന്നു മാത്രമല്ല, ജി.പി.എസിന്റെ പ്രവർത്തനം പരിശോധിക്കേണ്ട യന്ത്രം സ്ഥാപിച്ചത് എവിടെയാണെന്നു പോലും ആർ.ടി ഓഫീസ് അധികൃതർക്ക് അറിയുകയുമില്ല. സ്‌കൂൾ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനെ തുടർന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും - മോട്ടോർ വാഹന വകുപ്പും കൈ കോർത്ത് സ്‌കൂൾ ബസുകളിൽ ജി.പി.എസ് സംവിധാനം ഏ‌ർപ്പെടുത്താൻ തീരുമാനിച്ചത്. മോട്ടോ‌ർ വാഹന വകുപ്പിന്റെ ഓഫീസിലിരുന്ന് വാഹനത്തിന്റെ വേഗം പരിശോധിക്കാനും, സഞ്ചരിക്കുന്ന റൂട്ട് തിരിച്ചറിയാനും സാധിക്കുന്നതായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി സ്‌കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ആദ്യ ഘട്ട പരിശോധനയും നടത്തിയിരുന്നു. എന്നാൽ, സർക്കാർ പുറത്തിറക്കിയ പട്ടിക പ്രകാരം പത്ത് കമ്പനികൾക്ക് മാത്രമാണ് ജി.പി.എസ് ഘടിപ്പിക്കാൻ സംസ്ഥാനത്ത് അംഗീകാരമുള്ളത്. ഇതിൽ ഒന്നു പോലും ജില്ലയിൽ ഇല്ലാഞ്ഞതും പ്രശ്നമായി. വില 15,000, മടിച്ച് സ്‌കൂളുകൾ ജി.പി.എസ് ഘടിപ്പിക്കുന്നതിന് 20,000 രൂപ വരെ ചെലവ് വരും. യന്ത്രത്തിന് മാത്രം 15,000 രൂപയും അനുബന്ധ ചെലവുകൾക്ക് അയ്യായിരം രൂപയും. ജി.പി.എസ് ഘടിപ്പിച്ച വാഹനം ആർ.ടി ഓഫിസിൽ എത്തിച്ച് അംഗീകാരം വാങ്ങുകയും വേണം. ഇതുകൊണ്ടൊക്കെ തന്നെ സ്‌കൂൾ അധികൃതർ ജി.പി.എസിനോടു മുഖം തിരിച്ച് നിൽക്കുകയാണ്. പരിശീലനം നടക്കുന്നു '' ജി.പി.എസ് ഘടിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായ ശേഷം തുടർ നടപടികൾ ആരംഭിക്കും -ബാബു ജോൺ, ആർ.ടി.ഒ