കോട്ടയം: അഴിക്കുന്തോറും മുറുകുകയാണ് ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക്. കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടനിര കിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും വിയർക്കുകയാണ്. അഴിയാക്കുരുക്കിൽപ്പെട്ട് 500 മീറ്ററിൽ താഴെമാത്രം ദൂരമുള്ള ടൗൺ കടക്കാൻ 45 മിനിട്ടുമുതൽ ഒരുമണിക്കൂർവരെ കാത്തുകിടക്കേണ്ട ഗതകേടിലാണ് യാത്രക്കാർ. റോഡ് നവീകരണം പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെയായിട്ടില്ല. സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽലൈറ്റ് പ്രവർത്തിപ്പിച്ചാൽ കുരുക്കിൽ നിന്ന് ചെറിയൊരാശ്വാസം കിട്ടുമെന്ന് വ്യാപാരികൾ പറയുന്നു. സെൻട്രൽ ജംഗ്‌ഷനിലെ അനധികൃത പാർക്കിംഗാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള സ്റ്റാൻഡ് കയറ്റവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ചില ദിവസങ്ങളിൽ പട്ടിത്താനം മുതൽ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമാണ്.
കോട്ടയം എറണാകുളം, തൃശൂർ, പാലാ, അതിരമ്പുഴ ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തി നാലുദിക്കലേക്കും തിരിഞ്ഞുപോകേണ്ട വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്നതും കാൽനടയാത്രക്കാരുടെ തിരക്കുമാണ് സെൻട്രൽ ജംഗ്ഷനെ കുരുക്കുന്നതെങ്കിൽ കയറ്റം കയറിവരുന്ന ബസുകൾ എം.സി റോഡലേക്ക് തിരിഞ്ഞുകയറാൻ ബുദ്ധിമുട്ടുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ പ്രശ്‌നം. ട്രാഫിക് നിയന്ത്രണത്തിനും ആവശ്യത്തിന് പൊലീസുകാരില്ല.
ബൈപാസ് യാഥാർത്യമാകണം
മൂന്ന് പതിറ്റാണ്ട് മുമ്പ് ആസൂത്രണം ചെയ്ത മണർകാട് – ഏറ്റുമാനൂർ ബൈപാസ് യാഥാർത്ഥ്യമായാൽ സെൻട്രൽ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെത്താതെ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ ബൈപാസ് ഉപകരിക്കും. കുരുക്കിൽപ്പെടാതെ പോകുന്നതിനായി ഏറ്റുമാനൂർ - സംക്രാന്തി റോഡിനെയാണ് ആംബുലൻസുകളടക്കം ഇപ്പോൾ ആശ്രയിക്കുന്നത്.
മണ്ഡലകാലത്ത് വൺവേ സംവിധാനം
ശബരിമല തീർത്ഥാടന കാലത്ത് കുരുക്കൊഴിവാക്കാൻ വൺവേ സംവിധാനം ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ പാറോലിക്കൽ നിന്നു തിരിഞ്ഞ് ഓൾഡ് എം.സി റോഡിലൂടെ ഏറ്റുമാനൂർ സ്റ്റാൻഡിൽ എത്തണം. വൈക്കം, മൂവാറ്റുപുഴ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിലെത്താതെ തവളക്കുഴിയിൽ നിന്നു തിരിഞ്ഞു പോകണം. പാലായിൽ നിന്നു വരുന്ന ബസുകൾക്ക് സെൻട്രൽ ജംഗ്ഷനിൽ സ്റ്റോപ്പില്ല. പാലാ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും എം.സി.റോഡിലൂടെ പോയി പടിഞ്ഞാറേ നടയിൽ നിന്നു തിരിഞ്ഞ് ടെമ്പിൾ റോഡിലൂടെ പേരൂർ കവലയിൽ എത്തണം. പേരൂർ കവലയിലെ ബസ് സ്റ്റോപ്പ് ഇനി കോവിൽപാടം റോഡിലായിരിക്കും. പാലാ റോഡിൽ നിന്നു ടെമ്പിൾ റോഡിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും.