pc-george

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് ആദ്യമായി സി.പി.എമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്നു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ മൂന്നുവർഷം സി.പി.എമ്മും ജനപക്ഷവും കൈകോർത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ അവസാനിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പ്രസിഡന്റ് സി.പി.എമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തിൽ പി.സി ജോർജ് മുൻ പന്തിയിൽ നിന്നതോടെ സി.പി.എമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടർന്നാണ് ജനപക്ഷം സി.പി.എം ഭരണത്തിന് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.


13 അംഗ പഞ്ചായത്തിലെ 8 സി.പി.എം അംഗങ്ങളും 3 ജനപക്ഷം അംഗങ്ങളും ചേർന്നാണ് ഭരണം നടത്തിയിരുന്നത്. കോൺഗ്രസ് 3, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. ശബരിമല സംരക്ഷണ മുന്നണി എന്ന നിലയിൽ കോൺഗ്രസ് - ബി.ജെ.പി - ജനപക്ഷം കൂടിച്ചേർന്ന് ഭരണത്തെ പിടിച്ചെടുത്ത് സംസ്ഥാനത്ത് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കാനാണ് നീക്കം.സി.പിഎം ഭരണം ഇല്ലാതാക്കാൻ ജോർജിന്റെ ഈ രാഷ്ട്രീയ നിലപാടിനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.

കോൺഗ്രസിലെ മൂന്ന് അംഗങ്ങളും ഐ ഗ്രൂപ്പുകാരാണ് . അതുകൊണ്ട് രമേശ് ചെന്നിത്തലയുമായുള്ള പി.സി ജോർജിന്റെ അടുപ്പം നീക്കത്തിന് സഹായമാകും. ശബരിമല സംരക്ഷണ മുന്നണി എന്ന പേരിൽ വിശ്വാസികളുടെ കൂട്ടായ്മയിലേക്ക് മുന്നണി മാറ്റാനാണ് ഇവരുടെ നീക്കം. അയ്യപ്പന്റെ പേരിൽ കോൺഗ്രസും ബി.ജെ.പിയും ജനപക്ഷവുമായി ഒന്നിക്കുമ്പോൾ ആർക്കും എതിർക്കാനാവില്ല എന്നും ഇവർ പ്രതീക്ഷിക്കുന്നു. പുതിയ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്ത് വരാൻ കോൺഗ്രസും ബി.ജെ.പിയും തയ്യാറല്ലെന്നതും ഭരണമാറ്റം സുഗമമാക്കാൻ വഴിയൊരുക്കുമെന്നാണ് ജനപക്ഷത്തിന്റെ കണക്കുകൂട്ടൽ. സി.പി.എം പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടു വന്നാൽ ഭരണം മറിച്ചിട്ട് ആദ്യത്തെ 'ഷോക്ക് ട്രീറ്റ്‌മെന്റ്' പാർട്ടിക്ക് നൽകാമെന്നാണ് പി.സി ജോർജ്ജിന്റെ കടുത്ത തീരുമാനം. സമാന രീതിയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും സി.പി.എം ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനും ജോർജ് നീക്കം തുടങ്ങി.