changanasery

ചങ്ങനാശേരി : മാലിന്യസംസ്‌കരണത്തിനായി ബഡ്ജറ്റിൽ കോടികൾ വകയിരുത്തിയിട്ടും നഗരത്തിൽ എത്തിച്ചേരുന്നവരെ വരവേല്ക്കുന്നത് മാലിന്യങ്ങളുടെ മൂക്കടപ്പിക്കുന്ന നാറ്റം. വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടി ചീഞ്ഞ് നാറുമ്പോൾ നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതികൾ കടലാസിൽ ഒതുങ്ങുകയാണ്. പെരുന്ന ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാൻസ്‌ഫോർമറിനു മുൻപിൽ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. അറവുശാല മാലിന്യം വരെ ഇക്കൂട്ടത്തിലുണ്ട്. മാലിന്യം ഭക്ഷിക്കാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നതും കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.

പെരുന്ന എൻ.എസ് കോളജിന് സമീപം, ടി.ബി റോഡ്, പെരുന്ന ബസ് സ്റ്റാൻഡിന് കിഴക്കുവശം, ബൈപാസ് റോഡ് എന്നിവിടങ്ങളിലാണ് മാലിന്യം തള്ളൽ തുടർക്കഥയായിരിക്കുന്നത്. ഫാത്തിമാപുരത്തുള്ള നഗരസഭാ ഡമ്പിംഗ് യാർഡിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പരസിരവാസികൾ രംഗത്തെത്തിയതോടെയാണ് വഴിനീളെ മാലിന്യം തള്ളൽ കൂടിയത്. മാലിന്യം പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ മാലിന്യവുമായെത്തിയ നിരവധി വാഹനങ്ങൾ ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

കാമറ സ്ഥാപിക്കണം

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ റോഡരികിൽ കാമറ സ്ഥാപിക്കണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്. ഇതിനോടും നഗരസഭാധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി നഗരസഭ കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.