kalachantha-palam

പാമ്പാടി :കാളച്ചന്ത പാലത്തിന്റെ വീതി കൂട്ടുന്നതുമായി ഉടലെടുത്ത തർക്കം പയ്യപ്പാടി - പാമ്പാടി റോഡ് നവീകരണം കുളമാക്കി. വർഷങ്ങളായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണം ആരംഭിച്ച് ആഴ്ചകൾക്കുള്ളിലാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പാലത്തിന്റെ വീതി കൂട്ടുന്നതിൽ എതിർപ്പ് അറയിച്ച് സമീപത്തെ കെട്ടിട ഉടമയാണ് കോടതിയെ സമീപിച്ചത്. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. സ്ഥലം റീസർവേ ചെയ്ത് അളന്നു തിരിച്ചു പണികൾ തുടരണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. കലുങ്ക് നിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും പൂർണമായും നിരോധിച്ചിരിക്കുകയാണ്. മഞ്ഞാടികവലയിൽ നിന്നു പാമ്പാടി ടൗൺ വരെയാണ് കൂടുതൽ ദുരിതം. ശിവദർശന ക്ഷേത്രം, പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ, ശിവദർശന സ്‌കൂൾ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ ഗതാഗതം താറുമാറായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്. എത്രയും വേഗം റോഡ് നിർമ്മാണം പുന:രാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആവശ്യം.

ആക്ഷൻകൗൺസിൽ രൂപീകരിച്ചു

കാളച്ചന്ത പാലത്തിന്റെ നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി മാത്തച്ചൻ പാമ്പാടി (ചെയർമാൻ ), ഇ.എസ്.സാബു, സുജാത ശശീന്ദ്രൻ, ജിജി സലി (വൈസ് ചെയർമാൻമാർ ), സാബു ഒറ്റപ്ലാക്കൽ (കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു

.

എട്ടുമീറ്റർ വീതി

പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ട എട്ടുമീറ്റർ സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കോടതിയിൽ ഗവ.പ്ലീഡർ അറിയിച്ചു. എട്ടുമീറ്റർ വീതിയോടൊപ്പം ഇരുവശത്തും നടപ്പാത കൂടി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റീസർവേയുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തിര കമ്മിറ്റി വിളിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി അറിയിച്ചു.