വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോൽസവത്തിനും ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ത്യക്കാർത്തിക മഹോത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ നിർമ്മാണം പൂർത്തിയായി. ചെങ്ങന്നൂർ മുണ്ടൻകാവ് പാണംപറമ്പിൽ കെ. ജി. സാജനാണ് ഇരു ക്ഷേത്രങ്ങളിലെയും കൊടിക്കൂറകൾ തയാറാക്കിയത്.
നാലര മീറ്റർ നീളം വരുന്ന കൊടിക്കൂറയാണ് ഇരു ക്ഷേത്രങ്ങളിലേക്കും വേണ്ടി തയാറാക്കിയത്.
വെൽവെറ്റ്, പട്ടുതുണി, ക്യാൻവാസ് ലൈസുകൾ, കമ്പിളി കൊണ്ടുള്ള കിന്നരി ,എന്നിവ കൊണ്ടാണ് കൊടിക്കൂറയുടെ നിർമ്മാണം. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ നാല് കാളാഞ്ചി, രണ്ട് ചന്ദ്രക്കല, രണ്ട് വലിയ കുമിള, രണ്ട് തൃക്കണ്ണ്, നന്ദികേശൻ, മാൻ, ഓട്ടുമണി എന്നിവ തുന്നിച്ചേർത്തിട്ടുണ്ട്.
ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ അഷ്ടദളത്തിൽ തമിഴിൽ ഓം എന്ന അക്ഷരവും വേലും ആലേഖനം ചെയ്തിരിക്കുന്നു. രണ്ട് മയിൽ, ഒരു വെള്ളി ചന്ദ്രക്കല, രണ്ട് വെള്ളി കുമിള, നാലു കാളാഞ്ചി, ഒരു ഓട്ടുമണി എന്നിവയുമുണ്ട്. 7 വർണ്ണം 3 തവണ ആവർത്തിച്ച് 21 കോളമായാണ് കൊടിക്കൂറകൾ ഒരുക്കിയിരിക്കുന്നത്. 18 വർഷമായി സാജനാണ് വൈക്കം ക്ഷേത്രത്തിലെയും ഉദയനാപുരം ക്ഷേത്രത്തിലെയും കൊടിക്കൂറകൾ തുന്നുന്നത്. കഴിഞ്ഞ 18 ദിവസമായി വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും ദർശനം നടത്തി വൈക്കം ക്ഷേത്രത്തിലെ പ്രാതലും അത്താഴ ഭക്ഷണവും കഴിച്ച് വ്രതാനുഷ്ഠാനങ്ങളോടെയാണ് കൊടിക്കൂറ തയാറാക്കിയത്.
വൈക്കം ആലുങ്കൽ ആർ.പ്രതാപചന്ദ്രനാണ് കൊടിക്കൂറകൾ വഴിപാടായി ഇരുക്ഷേത്രങ്ങളിലും സമർപ്പിക്കുന്നത്.
കൊടിക്കൂറ 12ന് രാവിലെ 6.50 നും 8.50 നും മദ്ധ്യേ ആദ്യം വൈക്കത്തും തുടർന്ന് ഉദയനാപുരത്തും സമർപ്പിക്കും.