muttambalam

കോട്ടയം: കോട്ടയം-ചിങ്ങവന പാതയിൽ മുട്ടമ്പലത്ത് റെയിൽവേ ക്രോസിന് സമീപമുള്ള പാതയിരട്ടിപ്പിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. തുരങ്കത്തിന് സമീപത്തെ കുന്നിടിച്ച് എടുക്കുന്ന മണ്ണ് ക്രോസിന് സമീപം നിക്ഷേപിച്ച് ഉയർത്തിയെടുക്കുകയാണിപ്പോൾ. ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

ജില്ലയിൽ പാതയിരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത് കോട്ടയം-ചിങ്ങവനം റൂട്ടിൽ ഏഴ് കിലോമീറ്ററാണ്. കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം റെയിൽവേ ക്രോസ് വരെയുള്ള ഭാഗത്ത് രണ്ട് പാറക്കെട്ടുകൾ പൊട്ടിച്ചുനീക്കുക, ഇരുവശങ്ങളിലുമുള്ള കുന്ന് ഇടിക്കുക ചെറുവാഹനങ്ങൾ പോകുന്ന മുട്ടമ്പലം, പാക്കിൽ മേൽപ്പാലങ്ങൾ പൊളിച്ചു പണിയുക എന്നിവയാണ് ഇനി ബാക്കി. പാതയിരിട്ടിപ്പിക്കലിന് ഒപ്പം മുട്ടമ്പലം റെയിൽവേ ക്രോസ് അടിപ്പാതയാക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. നിലവിലുള്ള ജോലികൾക്കൊപ്പം അടിപ്പാതകൂടി നിർമിക്കുന്നതിനുള്ള നടപടിയായിട്ടില്ല. മുട്ടമ്പലം റോഡ് റെയിൽവേ ക്രോസിംഗ് ഭാഗത്ത് മൂന്ന് മീറ്റർ താഴേയ്ക്ക് ഇറങ്ങിയാകും അടിപ്പാത നിർമിക്കുക. ഇതിന് സ്ഥലം ഏറ്റെടുത്തു. രണ്ടാംപാത നിർമിക്കുന്ന മുട്ടമ്പലം ഭാഗത്തെ ഏതാനും വീടുകൾ കൂടി ഏറ്റെടുക്കാനുണ്ട്.

 തുരങ്കം ചരിത്രമാകും

മുട്ടമ്പലം ഭാഗത്തെ തുരങ്കവും ചരിത്രമാകും. പ്ളാന്റേഷൻ കോർപ്പറേഷന് സമീപം കെ.കെ.റോഡിൽ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. തുരങ്കം നിലനിറുത്തുമെങ്കിലും ട്രെയിൻ ഓടില്ല. തുരങ്കവും ഇതിലൂടെയുള്ള പാതയും ഷണ്ടിംഗിനായി ഉപയോഗിക്കും. തുരങ്കത്തിന് സമീപത്തുകൂടിയാകും രണ്ടുപാതകളും കടന്നുപോവുക. മുട്ടമ്പലം റെയിൽവേ ക്രോസ് ഭാഗത്താണ് നിലവിലുള്ള പാതയും പുതിയ പാതയും വേർതിരിയുന്നത്. ഈ ഭാഗത്തെ മണ്ണെടുത്ത് മാറ്റുന്ന ജോലിയിൽ പുരോഗമിക്കുകയാണ്. പാതകൾ പൂർത്തിയാകുന്നതോടെ മുട്ടമ്പലം റെയിൽവേ ഗാർഡ് റൂം പിന്നിലേയ്ക്ക് മാറ്റും.