കോട്ടയം: 'വിദ്യകൊണ്ട് പ്രബുദ്ധരാകുക" എന്ന ശ്രീനാരായണ ഗുരുദേവ സന്ദേശം ആത്മാവിൽ ഉൾക്കൊണ്ട് കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം നടത്തിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് എഐ.സി.സി അംഗം പി.സി.ചാക്കോ പറഞ്ഞു. കോട്ടയം ഡി.സി.സിയും ആർ.ശങ്കർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിനാണ് ആർ.ശങ്കർ തിരികൊളുത്തിയത്. കമ്മ്യൂണിസ്റ്റ് സെൽഭരണത്തിനെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയാണ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഭരണത്തിലേറ്റിയത്. മുഖ്യമന്ത്രിയായിരുന്ന രണ്ടുവർഷ കാലയളവിൽ നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കി. നിലപാടുകളിൽ ഉറച്ചു നിന്നെന്ന കാരണത്താൽ രാഷ്ട്രീയനേതൃത്വത്തിന് ശത്രുവായെങ്കിലും സമുദായ പ്രവർത്തനത്തിലൂടെ മഹാനെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് പി.സി.ചാക്കോ കൂട്ടിച്ചേർത്തു.

ആർ.ശങ്കറിനോട് കോൺഗ്രസ് നീതികേടാണ് കാട്ടിയതെന്ന് ചടങ്ങിൽ സംസാരിച്ച കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് നേതാവായിട്ടില്ല സമുദായ നേതാവായി ചിത്രീകരിക്കാനാണ് പലരുടെയും ശ്രമം. അറുപതു വയസിൽ വാർദ്ധക്യമെന്നു പറഞ്ഞു ശങ്കറെ അകറ്റി നിറുത്താൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളിൽ പലരും ഇന്ന് എഴുപത്തഞ്ചും എൺപതും വയസായിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.വി.വി പ്രഭയെ പി.സി. ചാക്കോ പൊന്നാട അണിയിച്ച് ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി പി.എസ്.രഘുറാം, യു.ഡി.എഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാബിനു, എം.പി സന്തോഷ് കുമാർ, സണ്ണി കല്ലൂർ, മോഹൻകെ നായർ, ജി.ഗോപകുമാർ, ബിജു പുന്നന്താനം, ശോഭാ സലിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർ ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ എം.ജി.ശശിധരൻ സ്വാഗതവും എൻ.എസ്.ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു.