പൊൻകുന്നം: പേരിൽ മാത്രമേയുള്ളൂ ഈ കംഫർട്ടൊക്കെ... പക്ഷേ കാര്യം മറിച്ചാണ്. കാഞ്ഞിരപ്പള്ളിയിലെയും പൊൻകുന്നത്തെയും ബസ് സ്റ്റാൻഡുകളിലെ കംഫർട്ട് സ്റ്റേഷനുകളിൽ എത്തിയാൽ ദുരിതം എത്രകണ്ടെന്ന് വ്യക്തമാകും. വെള്ളമില്ലാത്തതാണ് പൊൻകുന്നത്തെ പ്രശ്നം.എന്നാൽ കാഞ്ഞിരപ്പള്ളിയിൽ മലിനജലം കംഫർട്ട് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്. പമ്പ് സെറ്റ് കേടായതാണ് പൊൻകുന്നത്ത് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണം. വീപ്പയിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളം അത്യാവശ്യമുള്ളവർക്ക് ബക്കറ്റിൽ കോരിയെടുത്ത് ഉപയോഗിക്കാം. ഇങ്ങനെ പലരും ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ കൂടുതൽ വൃത്തികേടാക്കി. ഇതോടെ ആളുകൾ കയറാതെയായി.കംഫർട്ട് സ്റ്റേഷന് സമീപത്തുള്ള കുഴൽക്കിണറിന്റെ മോട്ടോറും രാജേന്ദ്ര മൈതാനത്തെ കിണറ്റിലെ മോട്ടോറും ഒരുപോലെ പണിമുടക്കിലാണ്.

പറയില്ല,​ ഇനി സമരം

കാഞ്ഞിരപ്പള്ളി :ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഡോ.എൻ.ജയരാജ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്നും 90 ലക്ഷം രൂപ അനുവദിച്ച് ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും കംഫർട്ട് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞില്ല.ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയപ്പോഴാണ് കംഫർട്ട്‌സ്റ്റേഷൻ അടച്ചുപൂട്ടിയത്.